ഗായത്രി
രംഗം സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. വോട്ടര്‍മാരുടെ നീണ്ട ക്യൂ. വോട്ട് ചെയ്യുന്ന മുറിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടറുടെ പേര് വിളിച്ച് പറയുന്നത് കേട്ട് സ്ഥാനാര്‍ത്ഥി തിരിഞ്ഞു നോക്കി. ഭാര്യയുടെ പേരാണ് വിളിച്ചു പറഞ്ഞിരിക്കുന്നത്. ഭാര്യയാണെങ്കില്‍ അസുഖമായി വീട്ടില്‍ കിടക്കുകയാണല്ലോ. ഭാര്യയുടെ പേരില്‍ എതിര് മുന്നണിയുടെ വനിതാനേതാക്കളിലൊരാള്‍ വോട്ട് ചെയ്യാന്‍ എത്തിയിരിക്കുകയാണ്.
നിങ്ങളെന്റെ ഭാര്യയെല്ലെന്ന് പറഞ്ഞു തീരുന്നതിനു മുമ്പേ സ്ഥാനാര്‍ത്ഥിയെ എതിര് മുന്നണിക്കാര്‍ പൊക്കി പുറത്തെത്തിച്ചിരുന്നു. ഇത് കേരളത്തിലെ സഹകരണ സംഘങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ ഒരു രംഗം മാത്രമാണ്. എഴുത്തുകാര്‍ക്കടക്കം സഹകരണ സംഘം രൂപീകരിച്ച് മാതൃകയായ നാടാണ് കേരളം, സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം എന്ന പേരില്‍. എം.പി. പോളും, കാരൂര്‍ നീലകണ്ഠപിള്ളയുമടക്കമുള്ളവര് നേതൃത്വം നല്കിയ സംഘം ലോക ക്ലാസിക്കുകളെ മലയാളിക്ക് പരിചയപ്പെടുത്തി. ആയിരക്കണക്കിന് പുസ്തകങ്ങള്‍ പുറത്തിറങ്ങി, എഴുത്തുകാര്‍ക്ക് അത് വലിയ താങ്ങായി.
എന്നാല്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം കരുവന്നുര്‍ മാതൃകയിലേക്ക് മാറി. സിപിഎമ്മിന്റെ പിടിച്ചെടുക്കല്‍ രാഷ്ട്രീയം സഹകരണ മേഖലയെ രാഷ്ട്രീയവല്‍ക്കരിച്ചു. അത് പാര്‍ട്ടിയുടെ പോഷകസംഘടനയായി മാറി. കേന്ദ്രത്തില്‍ ഒരു സഹകരണ മന്ത്രാലയം വന്നു എന്ന് കേട്ടപ്പോള്‍ ആദ്യം ഞെട്ടിയത് സിപിഎമ്മാണ്. പിന്നീട് കോണ്‍ഗ്രസ്സും ഇടത്-വലത് രാഷ്ട്രീയ സഹകാരികളും.
സഹകരണ മേഖല രാജ്യത്ത് ചെയ്ത സംഭാവന വളരെ വലുതാണ്. താഴെക്കിടയിലുള്ള കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ശാക്തീകരിച്ച പ്രസ്ഥാനമാണത്. സഹകരണ മന്ത്രാലയത്തിന്റെ മന്ത്രിയായി അവരോധിക്കപ്പെട്ട അമിത്ഷാ ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ സംഘം പ്രസിഡന്റായിരുന്നു. സഹകരണ മേഖലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തി.
ഗുജറാത്തിലും പഞ്ചാബിലും മഹാരാഷ്ട്രയിലും അടിസ്ഥാന ജനസമൂഹത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന്റെ മറ്റൊരു പേരാണ് സഹകരണ പ്രസ്ഥാനം. എന്നാല്‍ കേരളത്തിലാകട്ടെ കോടികള്‍ പാര്‍ട്ടിഫണ്ടിലേക്ക് വകമാറ്റാനുള്ള കേന്ദ്രങ്ങളും. കരുവന്നൂര്‍ സഹകരണ ബാങ്ക് കപ്പലിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും സഹകരണ മേഖലയെ പാര്‍ട്ടി വളര്‍ത്താനുള്ള കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ്. ശാക്തീകരിക്കപ്പെട്ടത് അടിസ്ഥാന ജനവിഭാഗമല്ല മറിച്ച് പാര്‍ട്ടി നേതാക്കളും കുടുംബങ്ങളുമാണ്.
സഹകരണ സംഘങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗത്വമെടുക്കണം. സംഭാവനയായി പാര്‍ട്ടിക്ക് ലക്ഷങ്ങള്‍ നല്‍കുകയും വേണം. ഇതാണ് കേരളത്തിലെ സഹകരണ മേഖലയിലെ സ്ഥിതി.രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളിലെ പ്രവര്‍ത്തനം തീര്‍ത്തും വ്യത്യസ്തമാണ്. കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കരിമ്പുകര്‍ഷകരുടെയും സാമ്പത്തിക ശാക്തീകരണത്തിനും സാമൂഹിക മുന്നേറ്റത്തിനുള്ള മാതൃകയാണത്.
ഗുജറാത്തിലെ ക്ഷീര സഹകരണ പ്രസ്ഥാനം രാജ്യത്തിന് മഹത്തായ ഒരു മാതൃകയാണ് നല്‍കിയത്.ഗുജറാത്തിലെ ഖേഡ ജില്ലയില്‍ 20 ഗ്രാമങ്ങള്‍ സംഘടിപ്പിച്ച് ആരംഭിച്ച പാല് വിതരണ സംഘമാണ് ലോകത്തിന് മാതൃകയായ ആനന്ദ് ആയി മാറിയത്. മുംബൈയിലേക്ക് പാല് വിതരണം ചെയ്തായിരുന്നു തുടക്കം. ഈ സഹകരണ മാതൃക പിന്നീട് ഖേഡ ജില്ലയിലേയ്ക്ക് വ്യാപിപ്പിച്ചു. അത് പിന്നീട് ആനന്ദ് എന്നറിയപ്പെടുന്ന ആനന്ദ് മില്‍ക്ക് യൂണിയനായി രൂപം മാറി. പിന്നീട് ദേശീയ ക്ഷീര വികസന ബോര്‍ഡിന് കീഴില്‍ 1970 കളില്‍ ഗുജറാത്തിലെ മറ്റ് ജില്ലകളിലേക്കും 1980 കളില്‍ ഇന്ത്യയിലെ 170 ജില്ലകളിലേക്കും ഇത് വ്യാപിച്ചു. ജില്ലാതല സഹകരണ സംഘങ്ങളിലൂടെ ഗ്രാമ സഹകരണ സംഘങ്ങളുമായി വിപണികള്‍ ബന്ധിപ്പിച്ചു.
ഇന്ന് ഗുജറാത്തിലെ ക്ഷീര വ്യവസായം സുസ്ഥിരവും ലാഭകരവുമായ സംരംഭമായി മാറിയിരിക്കുന്നു. ദരിദ്രരായ ഗ്രാമീണ കര്‍ഷകര്‍ക്ക് മികച്ച ബദല്‍ അധിക വരുമാനവും തൊഴിലവസരവും സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു മേഖലയായി ഇത് മാറി. സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. പാലും പാല് ഉല്‍പ്പന്നങ്ങളും മറ്റു മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുമടക്കം വന്‍ വ്യവസായ മാതൃകയിലുള്ള സംരംഭമായി അത് മാറി.
ഗുജറാത്ത് ക്ഷീരസഹകരണസംഘങ്ങള്‍ ആനന്ദ് പാറ്റേണ്‍- സഹകരണ സംഘങ്ങള്‍ എന്ന നിലയില്‍ ത്രിമുഖ ഘടനയാണുള്ളത്. ഗ്രാമതല സഹകരണ സംഘങ്ങളില്‍ പാല് ശേഖരിക്കുകയും ജില്ലാ യൂണിയനുകള്‍ അവ സംസ്ക്കരിക്കുകയും ചെയ്യുന്നു. ജില്ലാ യൂണിയനുകള്‍ പാല് വിപണനം ചെയ്യുന്നു. മിച്ചം വരുന്ന പാലിന്റെയും പാല് ഉല്പന്നങ്ങളുടെയും വിപണനം സംസ്ഥാനതല ഫെഡറേഷന് ഏറ്റെടുക്കുന്നു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്, ആനന്ദ് (ജിസിഎംഎംഎഫ്). സഹകരണ അടിസ്ഥാനത്തിലുള്ള ക്ഷീരവികസനത്തില്‍ സംസ്ഥാനത്തെ പ്രധാന സംരംഭമാണ്. കച്ചിലും സൗരാഷ്ട്ര മേഖലയിലും ആനന്ദ് സംരംഭം വേണ്ടത്ര വ്യാപിച്ചിട്ടില്ലെങ്കിലും ആ മേഖലയിലേക്ക് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനുള്ള പരിശ്രമങ്ങളും നടന്നു. 1995-96 അവസാനത്തോടെ 19 ജില്ലകളില്‍ 18 എണ്ണം സഹകരണ പാല് ഉല്പാദക യൂണിയന്റെ പരിധിയില്‍ വന്നു. 18 ഡയറി പ്ലാന്റുകളില്‍ 12 ഡയറി പ്ലാന്റുകളും ജിസിഎംഎംഎഫും മറ്റ് 6 ഡയറി പ്ലാന്റുകളുമാണ് ഉള്ളത്. ജാംനഗര്‍, സുരേന്ദ്രനഗര്‍, അമ്രേലി, ഭാവ് നഗര്‍, ജുനാഗഡ്, കച്ച് എന്നിവ ജിഡിഡിസിയുടെ കീഴിലാണ്. ഒരു ഡയറിക്ക് 30 ലക്ഷം ലിറ്റര്‍ പാല് സംസ്ക്കരിക്കുക എന്നതാണ് ഈ ഡയറികളുടെ ശരാശരി ശേഷി. പാല് ഉല്പന്നങ്ങള്ക്കുള്ള ഫാക്ടറികള്‍, പ്രതിദിനം ശരാശരി 24 ലക്ഷം ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നു. പ്രതിദിനം 1800 മെട്രിക് ടണ്‍ ഉല്പാദന ശേഷിയുള്ള ജിസിഎംഎംഎഫ് , ജിഡിഡിസിയുടെ കീഴില്‍ 10 കന്നുകാലി തീറ്റ ഫാക്ടറികളുണ്ട്. 14.82 ലക്ഷം ലിറ്റര്‍ പാല് സംഭരണ ശേഷിയുള്ള 35 ചില്ലിംഗ് കൂളിംഗ് സെന്ററുകളുണ്ട്.
ഭൂരിപക്ഷം പാല് ഉല്പാദകരും പാല് സഹകരണ സംഘങ്ങള്‍ വഴിയാണ് പാല് വില്‍ക്കുന്നത്. കുറച്ച് നിര്‍മ്മാതാക്കള്‍ പാല് നേരിട്ട് ഉപഭോക്താക്കള്‍ക്കോ ഇടനിലക്കാര്‍ക്കോ വില്‍ക്കുന്നു. ഗ്രാമത്തില്‍ സഹകരണ സംഘങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പാല് ഉല്പാദകര് പാല് കച്ചവടക്കാര്‍ വഴിയോ ഇടനിലക്കാര്‍ വഴിയോ വില്‍ക്കുന്നു. പാല് ഉല്പാദകര്ക്ക് സഹകരണ പാല് ഉല്പാദക യൂണിയനിലും അടുത്തുള്ള സര്‍ക്കാര്‍ വെറ്റിനറി ക്ലിനിക്കുകളിലും ആവശ്യമായ വെറ്റിനറി, ആരോഗ്യ പരിരക്ഷാ സേവനങ്ങളും എളുപ്പത്തില്‍ ലഭിക്കുന്നു.ഇതേ അവസ്ഥയാണ് ഗുജറാത്തിലെ സഹകരണ പഞ്ചസാര ഫാക്ടറികളുടെ കാര്യത്തിലുമുള്ളത്. തുടര്‍ച്ചയായ പുരോഗതിയാണ് ഈ മേഖലയിലുമുള്ളത്. പഞ്ചസാരയുടെ ആവശ്യത്തില്‍ സ്വയംപര്യാപ്തമാകാന്‍ മാത്രമല്ല, ലോക വിപണിയില്‍ മികച്ച നേട്ടം കൈവരിക്കാനും ഗുജറാത്തിന് കഴിയുന്നു. ഗുജറാത്തിലെ സഹകരണ പഞ്ചസാര ഫാക്ടറികള്‍ രാജ്യത്തിന് മാതൃകയാണ്. സഹകരണ പഞ്ചസാര ഫാക്ടറികളുടെ കാര്യത്തില്‍ ഭാരതത്തിലെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാണ് ഇന്ന് ഗുജറാത്ത്.
സഹകരണ പഞ്ചസാര ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് പ്രാദേശിക നേതൃത്വം. കരിമ്പ് കര്‍ഷകരെ സ്വന്തമായി സഹകരണ പഞ്ചസാര ഫാക്ടറികള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക നേതാക്കള്‍ വഹിച്ച പങ്ക് വലുതാണ്. മാധി, ചല്‍ത്താന്‍, മഹുവയിലെ ആദിവാസി മേഖലകള്‍ എന്നിവിടങ്ങളില്‍ ഇത് വലിയ മാറ്റമുണ്ടാക്കി. പ്രാദേശിക സഹകരണത്തിലൂടെയാണ് ഈ മേഖലയില്‍ ഗുജറാത്ത് വന്‍ നേട്ടമുണ്ടാക്കിയത്. ഗുജറാത്തില്‍ സ്ഥാപിതമായ ആദ്യത്തെ സഹകരണ പഞ്ചസാര ഫാക്ടറി സൂറത്ത് ജില്ലയിലെ ബര്‍ദോളി സഹകരണ പഞ്ചസാര ഫാക്ടറിയാണ്. ഈ പഞ്ചസാര ഫാക്ടറി സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. കര്‍ഷകരുടെയും മറ്റംഗങ്ങളുടെയും ക്ഷേമത്തിനായുള്ള നിരവധി പദ്ധതികളായിരുന്നു അത്. ബര്‍ദോളി സഹകരണ പഞ്ചസാര ഫാക്ടറിയുടെ വിജയം സംസ്ഥാനത്തെ കരിമ്പ് കര്‍ഷകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. സംസ്ഥാനത്തെ കര്‍ഷകര്‍ കൂടുതല്‍ കൂടുതല്‍ ഭൂമി കരിമ്പ് ഉല്പാദനത്തിലേക്ക് മാറ്റി. ജില്ലയിലെ ബര്‍ദോളി, പല്‍സാന, ചോര്യസി, കമ്രെജ്, ഓള്‍പാഡ്, മഹുവ എന്നിവിടങ്ങളില്‍ കരിമ്പ് ധാരാളം ലഭ്യമാണ്.
സൂറത്ത് ജില്ലയില്‍ മാത്രമല്ല, തെക്കന്‍ ഗുജറാത്തിലെ മറ്റ് ജില്ലകളിലും കരിമ്പ് കൃഷിക്കാര്‍ക്കിടയില്‍ ബാര്‍ഡോലി, മാഡി, ചല്‍ത്താന്‍, സഹകരണ പഞ്ചസാര ഫാക്ടറികള്‍ വളരെയധികം താല്‍പ്പര്യവും പ്രചോദനവും സൃഷ്ടിച്ചു. സഹകരണ മേഖല എങ്ങനെയാണ് സാമൂഹ്യ ജീവിതത്തെയും സാമ്പത്തിക സുരക്ഷിതത്വത്തെയും പരിഷ്കരിക്കുന്നത് എന്നതിന് ഗുജറാത്ത് മാതൃകയാണ്. ഈ മാതൃകയാണ് കേരളത്തിലെ സഹകരണ മേഖലയെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഭയം സൃഷ്ടിക്കുന്നത്. ഇതാണ് പുതിയ അപവാദ പ്രചരണത്തിന്റെ അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: