അടിയന്തരാവസ്ഥക്കാലത്തെക്കാള്‍ ശ്വാസംമുട്ടിക്കുന്ന കൊവിഡ് കാലത്തെ സമയം പ്രയോജനകരമായി ചെലവഴിക്കാന്‍ എന്നെപ്പോലെയുള്ള ആള്‍ക്ക് എന്തു വഴിയെന്ന ചിന്തയില്‍ കഴിയുമ്പോള്‍ എന്തെങ്കിലും വായിച്ചിരിക്കുകയാണ് ഏറ്റവും നല്ലതു എന്നുവന്നു. അക്കിത്തം വിവര്‍ത്തനം ചെയ്ത ശ്രീമഹാഭാഗവതം തന്നെ അതിന്റെ തുടക്കമാകട്ടെ എന്നുവച്ചു. അതിനു മുന്‍പ് നമ്മുടെ മുകുന്ദന്‍ മുസലിയാത്തിന്റെ ഭഗവദ്ഗീതാ വ്യാഖ്യാനം വായിച്ചിരുന്നു. തുറവൂര്‍ വിശ്വംഭരന്‍ മാസ്റ്ററുടെ മഹാഭാരത പര്യടനം മുന്‍പുതന്നെ മൂന്നാവൃത്തി കഴിഞ്ഞിരുന്നു. അതിനിടെ ജി.കെ. സുരേഷ് ബാബുവിന്റെ വര്‍ഗീയതയുടെ അടിവേരുകള്‍ അദ്ദേഹം അയച്ചുതന്നത് വായിച്ചശേഷം ഈ പംക്തികളില്‍ അതിനെപ്പറ്റി എഴുതുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ പരമേശ്വര്‍ജിയുടെ സാഹിത്യസപര്യയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ‘സ്വതന്ത്രഭാരതം ഗതിയും നിയതിയും’ എന്ന പുസ്തകമാണ് ആദ്യം എടുത്തത്. അദ്ദേഹത്തിന്റെ ശ്രേഷ്ഠ കൃതി അതാണെന്ന് ആദ്യം വായിച്ചപ്പോള്‍ തോന്നിയിരുന്നു. ഓരോ വായനയിലും പുതിയതായി എന്തെങ്കിലും ഒരുള്‍കാഴ്ച നമുക്കു തരാന്‍ അതിലുണ്ടാവുമെന്നു തോന്നുകയാണ്. പരമേശ്വര്‍ജി എന്തെഴുതിയാലും, എന്ത് സംസാരിച്ചാലും അതില്‍ നമുക്ക് പുതുതായി എന്തെങ്കിലും കിട്ടുമെന്ന അനുഭവമാണെനിക്കുണ്ടായത്.
അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ ഞാന്‍ ആദ്യം പരിചയപ്പെട്ടതെന്തായിരുന്നു എന്ന് ചിന്തിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. തിരുവനന്തപുരത്ത് 1951 ല്‍ കോളജില്‍ പോയപ്പോള്‍ സംഘശാഖയില്‍ പങ്കെടുക്കാനിടവരികയും, അവിടത്തെ സ്വയംസേവകരിലും ശാഖാ അന്തരീക്ഷത്തിലും അദ്ദേഹത്തിന്റെ അപ്രത്യക്ഷ സാന്നിദ്ധ്യം അനുഭവിക്കുകയുമായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം പ്രചാരകനായി കോഴിക്കോട്ടേക്ക് പോയ്‌ക്കഴിഞ്ഞിരുന്നു. അവിടത്തെ സ്വയംസേവകരാരെങ്കിലും അയയ്‌ക്കുന്ന കത്തുകളുമായി ശാഖയില്‍ വരുന്ന സ്വയംസേവകര്‍ പുതിയ ഗണഗീതം വായിച്ചു കേള്‍പ്പിക്കുക പതിവായിരുന്നു. അതില്‍നിന്ന് ഭാവനയും കവിതയും ആശയഗാംഭീര്യവും തുളുമ്പുന്ന ഗീതങ്ങള്‍ പാടുമ്പോള്‍ നാം സ്വയം ഉയര്‍ന്നുപോകുമായിരുന്നു.
പരമേശ്വര്‍ജിയെ നേരില്‍കണ്ടത് വിദ്യാഭ്യാസം കഴിഞ്ഞ് 1956 ല്‍ ചെന്നൈയില്‍ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും കേസരിയിലൂടെ പരിചയമായിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ ചര്‍ച്ചാ ഗടയില്‍ പരമേശ്വര്‍ജി ‘പ്രമുഖവും’ എച്ച്.വി. ശേഷാദ്രിജി സഹപ്രമുഖും ആയിരുന്നു. അവിടത്തെ ചര്‍ച്ചകളുടെയും വിഷയങ്ങളുടെയും അവതരണത്തിന്റെയും ഗാംഭീര്യവും നിലവാരവും എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ നാലു സംസ്ഥാനങ്ങളിലെ സ്വയംസേവകരാണുണ്ടായിരുന്നത്.
പ്രചാരകനായപ്പോള്‍ ആദ്യം അദ്ദേഹത്തിന്റെ കീഴിലാണെനിക്കു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്. സഹപ്രവര്‍ത്തകരെ എങ്ങനെ പ്രവര്‍ത്തന കുശലതയുള്ളവരാക്കാമെന്നതിന് അദ്ദേഹം മാതൃകയായിരുന്നു. അക്കാലത്താണ് പരമേശ്വര്‍ജിയുടെ ആദ്യത്തെ പുസ്തകവും വായിക്കുന്നത്. ‘ഭാരതത്തിലെ വിദേശപാതിരി പ്രവര്‍ത്തനം.’ അന്നത്തെ മധ്യസംസ്ഥാനങ്ങളുടെ ഭരണകൂടം (സെന്‍ട്രല്‍ പ്രോവിന്‍സസ്), ആ സംസ്ഥാനത്തിന്റെ ഗിരിവര്‍ഗ മേഖലയില്‍ നടന്നുവന്ന ആപല്‍ക്കരവും രാജ്യവിരുദ്ധവുമായ വിദേശ പാതിരി പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ്. ഡോ. ഭവാനി ശങ്കര്‍ നിയോഗി അധ്യക്ഷനായും, ജി.എസ്. ഗുപ്ത, സേഠ് ഗോവിന്ദദാസ് എം.പി., എസ്.കെ. ജോര്‍ജ് മുതലായി ആറുപേര്‍ അടങ്ങിയ സമിതിയെ നിയമിച്ചിരുന്നു. അന്ന് നാഗ്പൂര്‍ ആയിരുന്നു മധ്യസംസ്ഥാനങ്ങളുടെ ആസ്ഥാനം. ബ്രിട്ടീഷ് ഭരണത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്നുവന്ന പാതിരി പ്രവര്‍ത്തനങ്ങള്‍ രാജിരക്ഷയ്‌ക്ക് എത്രത്തോളം അപകടകരമായ അവസ്ഥയിലെത്തിയെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കി. ആ പ്രവര്‍ത്തനങ്ങള്‍ക്കു ഏറ്റവും ശക്തമായ പിന്തുണയും മാനവശേഷിയും കേരളത്തില്‍നിന്നാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്ന ആപത് സാദ്ധ്യത കേരളീയര്‍ മനസ്സിലാക്കണമെന്ന ഉദ്ദേശ്യത്തോടെ പരമേശ്വര്‍ജി മേല്‍ പറയപ്പെട്ട പുസ്തകം എഴുതുകയും അതു ടി.എം.വി. ഷേണായി (പിന്നീട് ജന്മഭൂമിയുടെ എംഡി)പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനിടെ അദ്ദേഹത്തിന്റെ ഒരു പ്രകാശിത കൃതിയും കാണാനിടയായി. ഛത്രപതി ശിവാജിയുടെ ജീവചരിത്രമായിരുന്നു അത്. പരമേശ്വര്‍ജി പ്യൂറസി ബാധിതനായി ഒരു വര്‍ഷത്തോളം ചികിത്സയ്‌ക്കും വിശ്രമത്തിനുമായി പൂണെയിലും നാഗപൂരിലെ കേന്ദ്ര കാര്യാലയത്തിലും താമസിച്ചിരുന്നു. പൂജനീയ ഗുരുജി, ബാബാ സാഹബ് ആപ്‌ടേ, ബാളാ സാഹിബ് ദേവറസ്, ഏകനാഥ റാനഡേ മുതലായ സംഘത്തിന്റെ ശ്രേഷ്ഠ കാര്യകര്‍ത്താക്കളുമായി ഉറ്റസഹവാസത്തില്‍ കഴിയാനും, കാര്യാലയത്തിലെ അമൂല്യഗ്രന്ഥാലയം ഹൃദിസ്ഥമാക്കാനും ഈ കാലം പ്രയോജനപ്പെട്ടു. ഛത്രപതി ശിവാജിയെപ്പറ്റി സമഗ്രമായി അറിയാന്‍ പൂനെയിലെയും നാഗ്പൂരിലെയും വാസം പ്രയോജനപ്പെട്ടു. അവിടെവച്ച് അദ്ദേഹം ജീവചരിത്രം എഴുതി. അതു കയ്യെഴുത്തു രൂപത്തില്‍ തന്നെയിരിക്കുകയായിരുന്നു. എറണാകുളത്തു പത്മ ടാക്കീസിനെതിര്‍വശത്തെ മാധവനിവാസ് കാര്യാലയത്തില്‍ കഴിയവേ അതു വായിക്കാന്‍ അദ്ദേഹം അനുവദിച്ചു. പിന്നീട് ആ കയ്യെഴുത്ത് എവിടെയോ നഷ്ടപ്പെട്ടു. പരമേശ്വര്‍ജിയുടെ കഥാകഥന കൗശലം മൂലം ഒറ്റ ഇരിപ്പില്‍ വായിക്കാന്‍ കഴിയുന്നത്ര പാരായണക്ഷമമായിരുന്നു അത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആര്‍. നാരായണപ്പണിക്കര്‍ എഴുതിയ ‘മഹാരാഷ്‌ട്ര ജീവന പ്രഭാതം’ എന്ന പുസ്തകമാണ് ഞാന്‍ നേരത്തെ വായിച്ചിട്ടുള്ള ശിവാജികഥ.
മലയാളത്തില്‍ 1958 വരെയും സംഘസാഹിത്യമുണ്ടായിരുന്നില്ല. അതെത്തുടര്‍ന്നു ഡോക്ടര്‍ജിയുടെ ഒരു ലഘു ജീവചരിത്രം ഹിന്ദിയില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ പരമേശ്വര്‍ജി ഭരമേറ്റിരുന്നു. അതിന്റെ കാര്യങ്ങള്‍ ചെയ്തിരുന്നത് നര്‍മദ പ്രസ്സിലാണ്. അവിടെ ചെന്ന് ഗ്രൂപ്പ് നോക്കാനും മറ്റും അദ്ദേഹം എന്നെ ചുമതലയേല്‍പ്പിച്ച് തൃശ്ശിനാപ്പള്ളി സംഘശിക്ഷാവര്‍ഗിലേക്കു പോയി. അച്ചടി സംബന്ധമായ കാര്യങ്ങളില്‍ എന്റെ ഹരിശ്രീ അവിടെയായിരുന്നു.
അക്കാലത്തു ചിന്മയാനന്ദ സ്വാമികളുടെ ഗീതാജ്ഞാനയജ്ഞങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നു. സ്വാമിജിയുടെ അഭിലാഷമനുസരിച്ചും ഒരു പരമ്പര മുഴുവന്‍ അദ്ദേഹം മലയാളത്തില്‍ തയാറാക്കി പുസ്തകമാക്കി. സ്വാമിജിക്കു കൊടുത്ത കോഴിക്കോട് ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം കഴിഞ്ഞ് ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രമെഴുതാന്‍ പരമേശ്വര്‍ജി തുനിഞ്ഞു. ഗുരുദേവനുമായി ബന്ധപ്പെട്ടവരായി അന്നു ജീവിച്ചിരുന്നവരും, അക്കാലത്ത് ആത്മീയ-ധൈഷണിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമായി പരമേശ്വര്‍ജി നേരിട്ടു ബന്ധംവച്ചിരുന്നു. ‘നവോത്ഥാനത്തിന്റെ പ്രവാചക’നായി ഗുരുദേവനെ കേരളിയര്‍ക്കു മുമ്പില്‍ അവതരിപ്പിച്ച ആ പുസ്തകം വളരെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മൂത്തകുന്നം ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന സുകുമാര്‍ അഴീക്കോടിനെ ചെന്നുകണ്ട് പുസ്തകത്തിന്റെ കരട് ഏല്‍പ്പിക്കുകയും, അദ്ദേഹം അതിന് ഉജ്വലമായ അവതാരികയെഴുതുകയുമുണ്ടായി. പുസ്തകത്തിന്റെ കൈപ്പട തയ്യാറാക്കിക്കഴിഞ്ഞപ്പോള്‍ കോഴിക്കോട്ട് മാധവജിയുടെ വീട്ടില്‍ ഒരു ദിവസം ഇരുന്ന് ഭാസ്‌കര്‍റാവുജി, ഹരിയേട്ടന്‍, എം.എ. സാര്‍, രാഘവേട്ടന്‍ എന്നിവര്‍ക്കു മുമ്പില്‍ അതു വായിച്ചു കേള്‍പ്പിച്ചു. എല്ലാവര്‍ക്കും തൃപ്തിയായി എന്നുറപ്പുവരുത്തിയശേഷമാണ് പ്രസിദ്ധീകരിച്ചത്. മിക്കവാറും എല്ലാ ഭാരതീയ ഭാഷകളിലും ആ പുസ്തകം പുറത്തുവന്നു.
അരവിന്ദ മഹര്‍ഷിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഭാവിയുടെ ദാര്‍ശനികന്‍ എന്ന പുസ്തകവും അദ്ദേഹം തയ്യാറാക്കി. അടിയന്തരാവസ്ഥയ്‌ക്കുശേഷം നാലുവര്‍ഷക്കാലം ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു. അക്കാലത്ത് മന്ഥന്‍ എന്ന പേരില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരു പ്രസിദ്ധീകരണം ഇറക്കിയിരുന്നു. ഭാരതത്തിനകത്തും പുറത്തുമുള്ള ഏറ്റവും പ്രഗല്‍ഭമതികളെ പങ്കെടുപ്പിച്ച നിരവധി പരിപാടികള്‍ അവിടെ നടന്നു. ശരിക്കും ഉന്നതനിലവാരത്തിലുള്ള ‘ചിന്താമന്ഥനം’തന്നെയാണവിടെ നടന്നത്. അവയില്‍ ഭാഗഭാക്കാകുക ഒരു അഭിമാനമായിട്ടാണ് അവര്‍ കരുതിവന്നത്. കനപ്പെട്ട ഗ്രന്ഥങ്ങള്‍ അവിടെനിന്നു പുറത്തുവന്നു. ഗാന്ധിജി, ദീനദയാല്‍ജി, ഡോ. റാം മനോഹര്‍ ലോഹ്യ എന്നീ മൗലികപ്രതിഭകളുടെ ചിന്തകളെ സംബന്ധിച്ചു നടന്ന ചര്‍ച്ചകളും പ്രസിദ്ധീകരണങ്ങളും ചിന്താശീലര്‍ക്ക് പുതിയ കാഴ്ചപ്പാടു നല്‍കി.
ബൗദ്ധികതലത്തിലുള്ള മന്ഥനം ഏറ്റവും ആവശ്യമായത് കേരളത്തിലാണെന്ന ബോധ്യം അദ്ദേഹത്തില്‍ വന്നതും, ഠേംഗ്ഡി, അദ്വാനി മുതലായവര്‍ക്കു പുറമെ ഒട്ടേറെ സുഹൃത്തുക്കളുടെ അഭിപ്രായവും പരിഗണിച്ച അദ്ദേഹം തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചു. ചുരുങ്ങിയ കാലംകൊണ്ട് അതു കേരളത്തിലെ ഏറ്റവും പ്രമുഖമായ ബൗദ്ധിക ചര്‍ച്ചകളുടെ വേദിയായി. ദേശീയതലത്തിലും അന്താരാഷ്‌ട്ര തലത്തിലും പ്രശസ്തിയാര്‍ജിച്ച ഒരു നക്ഷത്രമണ്ഡലംതന്നെ വിചാരകേന്ദ്രത്തിനു ചുറ്റും പ്രദക്ഷിണം വച്ചു. സാഹിത്യം, കല, ശാസ്ത്രം, അധ്യാത്മം, രാജനീതി, വിദ്യാഭ്യാസ രംഗങ്ങളിലെ ഉജ്വല പ്രതിഭകള്‍ വിചാരകേന്ദ്രത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നത് അഭിമാനമായി കരുതി. അതില്‍നിന്ന് എത്രയെത്ര വിജ്ഞാന, ചരിത്ര, വിദ്യാഭ്യാസ സദസ്സുകള്‍ ഉയര്‍ന്നുവന്നു. അതുപോലെ വിലപ്പെട്ട പുസ്തകങ്ങളും.
പരമേശ്വര്‍ജി കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. അവിടത്തെ യുവജന മാസികയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് ഹാര്‍ട്ട് ബീറ്റ്‌സ് ഓഫ് ഹിന്ദുനേഷന്‍ എന്ന പേരില്‍ മൂന്ന് വാല്യങ്ങള്‍ സമാഹരിച്ച് വിവേകാനന്ദകേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശഹിതത്തിന് നിരക്കാത്ത പരാമര്‍ശം വരുന്നത് എത്ര ഉന്നതസ്ഥാനത്തുനിന്നായാലും അതില്‍ ചോദ്യംചെയ്തു. അതുകൊണ്ടുതന്നെ രാഷ്‌ട്രഹിതൈഷികള്‍ക്ക് പരമേശ്വര്‍ജിയുടെ സാഹിത്യപാരായണം അത്യന്താപേക്ഷിതവും ഉള്ളുണര്‍വു നല്‍കുന്നതുമാവും.
വിവേകാനന്ദനും മാര്‍ക്‌സും എന്ന പുസ്തകമാണ് ഞാന്‍ ഇപ്പോള്‍ വായിക്കാനെടുത്തിരിക്കുന്നത്. അത് 1987 ല്‍ പ്രസിദ്ധീകരിച്ചതാണ്. ജന്മഭൂമിയില്‍ ആ പുസ്തകത്തെപ്പറ്റി ഡോ. ജോസഫ് ചാഴിക്കാടന്‍ ദീര്‍ഘമായ വിമര്‍ശനം പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാര്‍ പലരും അതിന് എന്നോട് പ്രതിഷേധിച്ചിരുന്നു. പക്ഷേ പരമേശ്വര്‍ജി അതില്‍ സന്തോഷിക്കയാണ് ചെയ്തത്. അദ്ദേഹം പിന്നീടെഴുതിയ ദിശാബോധത്തിന്റെ ദര്‍ശനത്തിന് എംജിഎസ് എഴുതിയ അവതാരികയും തികച്ചും ഖണ്ഡനപരമല്ലെങ്കിലും വിമര്‍ശനാത്മകമായിരുന്നു.
പരമേശ്വര്‍ജിയുടെയും ഇഎംഎസ്സിന്റെയും പ്രഭാഷണങ്ങളുടെ ദര്‍ശന സംവാദമെന്ന പതിപ്പും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ തെളിമയും ചിന്തയുടെ ദാര്‍ഢ്യവും വ്യക്തമാക്കുന്നു. വായന തുടങ്ങിയതേയുള്ളൂ. ഇനിയും ഒട്ടേറെ ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: