മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ രാഷ്‌ട്രീയം മറന്ന് സംഘടിക്കുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ മുസ്ലിം സംഘടനകളുടെ യോഗം ചേര്‍ന്നു.
സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയമാണെന്നും സാദിഖലി തങ്ങള്‍ യോഗത്തിന് ശേഷം പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തിന് അര്‍ഹതപ്പെട്ടത് നല്‍കണം. എന്നാല്‍ അത് സച്ചാര്‍ കമ്മീഷന്റെ പേരില്‍ വേണ്ട. കോടതിവിധി എതിരെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുകയാണ് വേണ്ടത്. മുസ്ലിം സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറ് ശതമാനവും മുസ്ലിം വിഭാഗത്തിന് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പായിരുന്നു.
എന്നാല്‍ സച്ചാര്‍ കമ്മിറ്റിയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സംവരണത്തിന്റെയും സ്‌കോളര്‍ഷിപ്പിന്റെയും വിഷയത്തില്‍ മാത്രമല്ല അന്വേഷണം നടന്നത്. സച്ചാര്‍ കമ്മിറ്റി മുഴുവന്‍ ആനുകൂല്യം കൊടുക്കണമെന്ന് പറഞ്ഞത് കേരളം 80:20 എന്ന നിലയിലാക്കി. അതില്‍ ആരും പ്രതിഷേധിച്ചില്ല. ഇപ്പോള്‍ അത് വീണ്ടും മാറ്റിയിരിക്കുകയാണ്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കോളര്‍ഷിപ്പ് പ്രശ്‌നം തീവ്രമുസ്ലിം സംഘടനകള്‍ ഏറ്റെടുത്തിരുന്നു. അവരെ കൂടെ നിര്‍ത്താനുള്ള രാഷ്‌ട്രീയതന്ത്രം കൂടിയാണ് ഇന്നലത്തെ യോഗത്തിലൂടെ മുസ്ലിം ലീഗ് ലക്ഷ്യമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: