തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് ഇടപെട്ട കേസില്‍, വെട്ടിലായ ഇടതു സര്‍ക്കാരിനെ സഹായിക്കാന്‍ യുഡിഎഫും. ഭരണപക്ഷത്തിനെതിരെ വടി ലഭിച്ചിട്ടും പ്രതിപക്ഷത്തിന് ശുഷ്കാന്തിയില്ല. പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക ഇടതുമുന്നണിയുടെ കൈവശമുണ്ട്. ഇവ സര്‍ക്കാര്‍ കുത്തിപ്പൊക്കിയാല്‍ സോളാര്‍ ഉള്‍പ്പെടെ, കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സ്ത്രീപീഡന വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകും. അതിനാലാണ് നിയമസഭ ചേര്‍ന്നിട്ടും അവസരം വിനിയോഗിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തത്.
ശശീന്ദ്രന് വിവാദത്തില്‍, നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രതിഷേധങ്ങളും പ്രത്യാക്രമണങ്ങളും സമരങ്ങളും കോണ്‍ഗ്രസ് അവസാനിപ്പിച്ച മട്ടാണ്. യുവതിയെ കടന്ന് പിടിച്ച കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ട ശശീന്ദ്രനെതിരെയുള്ള അടിയന്തര പ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പി.സി. വിഷ്ണുനാഥ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷവും അംഗീകരിക്കുകയായിരുന്നു. വാക്ക്ഔട്ട് നടത്തിയെന്ന് വരുത്തിത്തീര്‍ത്ത്, പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വിഷയത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷ ശ്രമം.കോണ്‍ഗ്രസ് നേതാക്കളുടെ പീഡന വിവരങ്ങള്‍ പുറത്തുവരുമെന്ന മുന്നറിയിപ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശന് എല്‍ഡിഎഫ് നല്‍കിയെന്നാണ് സൂചന.
കൊല്ലം നിലമേല്‍ പഞ്ചായത്ത് പിഎച്ച്സി ഉപരോധിച്ചതിന് അഞ്ച് വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടിട്ടു പോലും കോണ്‍ഗ്രസിന് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനായില്ല. സോളാര്‍ കേസില്‍ പീഡനത്തിനിരയായെന്ന സരിതാനായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോഴത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, അനില്‍ കുമാര്‍, ഹൈബി ഈഡന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണവിധേയരായിരുന്നു.
2014ലെ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തില്‍ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പിഎസ് നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് എംഎല്‍എ ടി. സിദ്ദിക്ക് ഭാര്യയെ മൊഴിചൊല്ലി തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിവാഹം കഴിച്ചതിനെതിരെ സിദ്ദിഖിന്റെ ആദ്യ ഭാര്യ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത് അന്ന് വിവാദമായിരുന്നു. ഇപ്പോഴത്തെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെ രാത്രി യുവതിക്കൊപ്പം തടഞ്ഞുവച്ചതും വലിയ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: