ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്.
ഒയി ഹോക്കി സ്റ്റേഡിയത്തില്‍ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യയ്‌ക്കായി ഇരട്ട നേടിയപ്പോള്‍ രൂപീന്ദര്‍ പാല്‍ സിംഗ് വിജയ ഗോള്‍ നേടി. പരിചയസമ്പന്നരായ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ സുരക്ഷിതമായ കയ്യുറകളാണ് ടീമിന് വിജയകരമായ തുടക്കം ഉറപ്പാക്കിയത്.
ഇന്ത്യയുടെ കുതിപ്പോടെയാണ് കളി തുടങ്ങിയത്. രൂപേന്ദ്ര പാല്‍ സിംഗ് എടുത്ത പെനാല്‍റ്റി കോര്‍ണര്‍ ക്രോസ്ബാറില്‍ തട്ടി തിരിച്ചുവന്നു. ആദ്യ ഗോള്‍ നേടിയത് കിവികളാണ്. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്‌ദ്ധനായ കെയ്ന്‍ റസ്സല്‍ വലത് കോണില്‍ നിന്നിച്ച പന്ത് ശ്രീജേഷ് തടയും മുന്‍പ് വലയില്‍. രൂപീന്ദര്‍ പെനാല്‍റ്റി കോര്‍ണറിലൂടെ സ്‌കോര്‍ 1-1 നിലയിലെത്തിച്ചു. ഗോള്‍ എന്ന് ഉറപ്പിച്ച പനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് അത്ഭുതകരമായി രക്ഷപ്പെടുത്തി.
രണ്ടാം പാദത്തില്‍, ഇന്ത്യയുടെ പ്രതിരോധക്കാര്‍ കിവി ഫോര്‍വേഡുകള്‍ക്ക് കൂടുതല്‍ വിടവ് നല്‍കിയില്ല. രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് നല്‍കിയ പന്ത് കീപ്പറുടെ കാലുകള്‍ക്കിടയിലുടെ രൂപേന്ദ്ര പാല്‍ വലയിലിട്ട് ഇന്ത്യയക്ക് ലീഡ് സമ്മാനിച്ചു. അധികം താമസിയാതെ ഹര്‍മന്‍പ്രീത് പെനാല്‍റ്റി കോര്‍ണറിലൂടെ തന്റെ രണ്ടാം ഗോളും നേടി. സ്റ്റീഫന്‍ ജെന്നസ് ഗോള്‍ അടിച്ച് ന്യൂസിലാന്റിന്റെ തോല്‍വിയുടെ കാഠിന്യം കുറച്ചു (3-2)
നാളെ ആസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യയുടെ രണ്ടാം മത്സരം
അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മിക്സഡ് ടീം ഇനത്തില്‍ ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് സഖ്യത്തെ തോല്‍പ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ കരുത്തരായ കൊറിയയെ ഇന്ത്യ നേരിടും.
ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനില്‍ വാളരിവന്‍ 16 ഉം അപുര്‍വി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വനിതാ ഹോക്കിയില്‍ ഇന്ത്യ വൈകിട്ട് 5.15ന് ലോക ഒന്നാം നമ്പര്‍ ടീമായ ഹോളണ്ടിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: