കുന്നത്തൂര്‍: ജനവാസ മേഖലയില്‍ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ കിഴക്ക് 9-ാം വാര്‍ഡില്‍ മാമ്പുഴ മുക്കിന് സമീപമാണ് ഷാപ്പ് തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
13 വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഷാപ്പാണ് വീണ്ടും തുറക്കാന്‍ ശ്രമിക്കുന്നത്. മുമ്പ് ഷാപ്പ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് പ്രദേശത്ത് സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായിരുന്നു. പലപ്പോഴും ഷാപ്പിലെ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഷാപ്പ് അടഞ്ഞുകിടന്ന കാലയളവില്‍ പ്രദേശത്ത് നിരവധി വീടുകള്‍ പുതുതായി സ്ഥാപിച്ച് ഇവിടെ ജനവാസ മേഖലയായി മാറി. ഇവിടെ ഷാപ്പിനു പ്രവര്‍ത്തന അനുമതി നല്‍കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്കും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തില്‍ ഷാപ്പിനു മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.സേതുലക്ഷ്മി, അനിത, അനീഷ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: