ശാസ്താംകോട്ട: സിപിഎം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ തിരിമറി നടത്തിയ ഇടതുപക്ഷ നേതാക്കളായ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പോരുവഴി അമ്പലത്തും ഭാഗം സര്‍വീസ് സഹകരണ ബാങ്കിലെ സീനിയര്‍ ക്ലര്‍ക്ക് സജിത്ത് കുമാര്‍, അക്കൗണ്ടന്റ് അനൂപ്മുരളീധരന് എന്നിവരെയാണ് സഹകരണ വകുപ്പ് അസിസ്സ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ്് ചെയ്തത്.
2019-ല്‍ നടന്ന ക്രമക്കേട് ബാങ്ക് ഭരിക്കുന്ന സിപിഎം നേതൃത്വം മൂടിവയ്ക്കുകയായിരുന്നു. ലൈഫ്മിഷന് പദ്ധതി പ്രകാരം വീടിന് അപേക്ഷ നല്‍കിയവര്‍ക്ക് നിര്‍മാണത്തിന്റെ ഗഡു ലഭിക്കാത്തതിനെ തുടര്‍ന്ന് നിരന്തരം നല്കിയ പരാതിയില്‍ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. പോരുവഴി പഞ്ചായത്തിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഈ ബാങ്കിലായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പലതവണയായി അനുവദിച്ച തുകയാണ് വ്യാജരേഖ ചമച്ച് ഈ രണ്ട് ജീവനക്കാരും ചേര്‍ന്ന് കൈക്കലാക്കിയത്.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വിശ്വനാഥന് തമ്പിയായിരുന്നു അന്ന് ബാങ്കിന്റെ സെക്രട്ടറി. സസ്പെന്‍ഷനിലായ സജിത്ത് കുമാര്‍ എഐവൈഎഫ് മണ്ഡലം സെക്രട്ടറിയാണ്. അകൗണ്ടന്റ് അനൂപ് മുരളീധരന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഇയാളുടെ അച്ഛന് സിപിഎംന്റെ ജില്ലാ നേതാവുമാണ്.
രണ്ട് വര്‍ഷം മുന്‍പ് നടന്ന അഴിമതി, പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ട് രണ്ട് വര്‍ഷത്തോളം മൂടിവച്ചു. ഇതിനിടെ ലൈഫ് മിഷന് പദ്ധതി പ്രകാരം വീടനുവദിച്ചവര്‍ ബാങ്കില്‍ എത്തി അന്വേഷണങ്ങള്‍ പല തവണ നടത്തിയപ്പോഴാണ് തങ്ങള്‍ ചതിയില്‍പ്പെട്ടതായി മനസിലാക്കിയത്. വിശ്വനാഥന് തമ്പി അടക്കമുള്ളവര്‍ തട്ടിപ്പില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ചിട്ടി, സ്വര്‍ണ പണയം തുടങ്ങിയ ഇടപാടുകളിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം വരും ദിവസങ്ങളിലും തുടരും.
പതിനഞ്ച് ലക്ഷത്തോളം രൂപയുടെ വെട്ടിപ്പാണ് തുടക്കത്തില്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിലേ വെട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയുകയെന്ന് സഹകരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: