പീരുമേട്: ഭക്ഷ്യസുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യക്കടകളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ 51 കിലോ മീന്‍ പിടികൂടി. 47 കിലോ പച്ചമീനും നാല് കിലോ ഉണക്കമീനുമാണ് പിടികൂടി നശിപ്പിച്ചത്. ചീഞ്ഞതും അമോണിയയുടെ അംശമുള്ളതുമായ അയല, മണങ്ങ്, ഏട്ടക്കൂരി, കൊഴുവ എന്നീ പച്ച മീനുകളാണ് കണ്ടെത്തിയത്.
പീരുമേട്, കുമളി, അണക്കര, ചെളിമട, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ആണ് ഇന്നലെ പരിശോധന നടന്നത്. ഫംഗസ് ബാധയേറ്റ വാള, കതിരാന്‍, കോല എന്നീ ഉണക്കമീനുകളും നാല് കിലോയിലേറെ പിടികൂടി. 13 കടകളില്‍ നിന്നായി ആകെ 50 സാമ്പിളുകളാണ് പരിശോധിച്ചത്. മീനില്‍ അമോണിയ ചേര്‍ക്കുന്ന മൊത്തക്കച്ചവട സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയില്‍ വ്യാപകമായ തോതില്‍ പരിശോധന തുടരുകയാണ്.
മോശം മീന്‍ പിടികൂടിയ കടകള്‍ക്ക് നോട്ടീസ് നല്കി. ഫിഷറീസ് വകുപ്പ് ജില്ലാ അസി. ഡയറക്ടര്‍ കണ്ണന്, പീരുമേട് ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍ പ്രശാന്ത് പി, തൊടുപുഴ ആഫീസര്‍ എം.എന്‍. ഷംസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: