കോട്ടയം: ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള റബ്ബര്‍ തോട്ടങ്ങളുടെ വിവരങ്ങളടങ്ങുന്ന ഭൂപടം തയാറാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളത്തിലെ റബ്ബര്‍ തോട്ടങ്ങളെ താഴ്ന്ന, ഇടത്തരം, ഉയര്‍ന്ന മണ്ണിടിച്ചില്‍ അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളായി തരം തിരിച്ചാണ് മണ്ണിടിച്ചില്‍ സോണേഷന്‍ മാപ്പിങ് നടത്തിയിരിക്കുന്നത്.
തങ്ങളുടെ തോട്ടം ഏതു മേഖലയില്‍ ഉള്‍പ്പെടുന്നതാണെന്ന് കര്‍ഷകര്‍ക്ക് മനസ്സിലാക്കാം. ഓരോ മേഖലകളിലും അവലംബിക്കേണ്ട കൃഷിരീതി എന്തെല്ലാമാണെന്നും എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന വിവരങ്ങളും ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള സാങ്കേതിക സര്‍വ്വകലാശാലയുടെയും സഹകരണത്തോടെയാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ മണ്ണിടിച്ചില്‍ സാദ്ധ്യതാമേഖലകള്‍ ഏതൊക്കെ എന്ന് നേരത്തെ ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയിരുന്നു. റബര്‍ തോട്ടങ്ങളുടെ മാപ്പിങ് റബര്‍ ബോര്‍ഡും പൂര്‍ത്തിയാക്കിയിരുന്നു. രണ്ടും കൂടി ചേര്‍ത്താണ് ഭൂപടം തയാറാക്കിയത്.
കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംസ്ഥാനത്ത് പതിവാകുകയും കൂടുതല്‍ തീവ്രമാവുകയും ചെയ്യുകയാണ്. ഇത് ഭാവിയില്‍ മണ്ണിടിച്ചില്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലെ പ്രധാന വിളയാണ് പ്രകൃതിദത്ത റബ്ബര്‍. സംസ്ഥാനത്തിന്റെ മൊത്തം വിളവെടുപ്പ് പ്രദേശത്തിന്റെ 22% ത്തിലധികം പ്രകൃതിദത്ത റബ്ബര്‍ തോട്ടങ്ങളുള്ളത് പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളിലെ ഭൂപ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ മണ്ണിടിച്ചില്‍ സാദ്ധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഭൂപടം തയാറാക്കിയത്. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലത്ത് ചെയ്യുന്ന കൃഷി രീതികളും അവിടെ നടത്തുന്ന മറ്റുപ്രവര്‍ത്തനങ്ങളും മണ്ണിടിച്ചിലിന്റെ ആഘാതം കുറയ്ക്കുന്നതിന് സഹായകമാകും. ഭൂപടവും അതിനെക്കുറിച്ചുള്ള വിശദ വിവരങ്ങളും റബ്ബര്‍ ബോര്‍ഡിന്റെയും റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇന്ന് നടക്കുന്ന ചടങ്ങില്‍ ഭൂപടത്തിന്റെ പ്രകാശനം നടക്കും.
ഏലയ്ക്ക തോട്ടങ്ങള്ക്കായുള്ള ഓണ്‍ലൈന്‍ വളം ശുപാര്‍ശ വികസിപ്പിക്കുന്നതിനുള്ള സഹകരണ പദ്ധതിയുടെ ധാരണാപത്രത്തിലും ഇന്ന് നടക്കുന്ന ചടങ്ങില്‍ ഒപ്പുവെക്കും. റബ്ബര്‍ ബോര്‍ഡ്, സുഗന്ധവ്യഞ്ജന ബോര്‍ഡ്, സാങ്കേതിക സര്‍വകലാശാല എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകമാനം നടക്കുന്ന റബ്ബര്‍ സെന്‍സസിനും ചടങ്ങില്‍ തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: