ടോക്കിയോ : ഒരുമയുടെ സന്ദേശവുമായി വിശ്വ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ടോക്കിയോ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനത്തിന് കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
കോവിഡ് മഹാമാരിയുടെ അസാധാരണ കാലത്ത് കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ കരുത്തിനുമൊപ്പം ഒരുമയുടെ സന്ദേശവുമായാണ് ടോക്കിയോ ഒളിംപിക്സിന് തിരിതെളിയുന്നത്. മഹാമാരിക്കാലത്തെ ഒളിംപിക്സില്‍ കാണികള്‍ക്ക് പ്രവേശനമില്ല. മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും മുന്നില്‍ അണിനിരക്കുക ഗ്രീസാണ്. അക്ഷരമാലാ ക്രമത്തില്‍ ഇരുപത്തിയൊന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. മലയാളി താരം സജന് പ്രകാശ് ഉള്‍പ്പടെ ഇന്ത്യന്‍ സംഘത്തില്‍ ഇരുപത്തിയാറുപേര്‍ മാത്രമേയുണ്ടാവൂ. മന്‍പ്രീത് സിങ്ങും മേരി കോമും ഇന്ത്യന്‍ പതാകയേന്തും. ആതിഥേയരായ ജപ്പാനാണ് ഒടുവില്‍ അണിനിരക്കുക.
നിലവിലെ സാഹചര്യം പരിഗണിച്ചുള്ള ആഘോഷങ്ങളാണ് ഇത്തവണ ചടങ്ങിനുണ്ടാവുക. പതിനഞ്ച് രാഷ്ട്രത്തലവന്മാര് ചടങ്ങിന് സാക്ഷിയാവും. വ്യോമസേന ആകാശത്ത് ഒളിംപിക് വളയങ്ങള്‍ തീര്‍ക്കും. ജപ്പാന് ചക്രവര്‍ത്തി നരുഹിതോവാണ് ഒളിമ്പിക് ഉദ്ഘാടനം പ്രഖ്യാപിക്കുക.
അതേസമയം ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമായി. വനിതകളുടെ അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ ദീപിക കുമാരി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 663 പോയിന്റാണ് ദീപികയ്ക്ക് കിട്ടിയത്. ദീപിക ഒരുവേള 14-ാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ലോക ഒന്നാം നമ്പര്‍ താരമായ ദീപിക കുമാരി. ആദ്യ ദിവസങ്ങളില്‍ തന്നെ മെഡല്‍പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ സംഘം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: