ടോക്കിയോ: കൊവിഡ് മഹാമാരിയില്‍ മുങ്ങിയ ഇരുണ്ട കാലം മാറുന്നു. ഇനി പുത്തന്‍ പ്രതീക്ഷകളുടെ പുലരി. ലോകം ഇന്ന് മുതല്‍ ഒളിമ്പിക്‌സ് വേദിയായ ടോക്കിയോയിലേക്ക് ഉയിര്‍ത്തെഴുന്നേപ്പിന്റെ പ്രതീക്ഷകളുമായി ഒത്തുകൂടുകയാണ്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ കായിക മാമാങ്കത്തിന് തുടക്കമാകും. ആഘോഷങ്ങളിലേക്കുള്ള തിരിച്ചു വരവിന്റെ തുടക്കമായാണ് ലോക രാഷ്‌ട്രങ്ങള്‍ ടോക്കിയോ ഒളിമ്പിക്‌സിനെ വിലയിരുത്തുന്നത്. ടെലിവിഷന്‍ ഒളിമ്പിക്‌സെന്ന ഓമനപ്പേരിലാകും ടോക്കിയോ ഒളിമ്പിക്‌സ് ചരിത്രത്തിന്റെ ഭാഗമാകുന്നത്.
ടോക്കിയോ ഒളിമ്പിക്‌സിനെ ടെലിവിഷന്‍ ഒളിമ്പിക്‌സ് എന്ന് മാറ്റി വിളിച്ചാല്‍ പോലും തെറ്റില്ല. ഇന്ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമ്പോള്‍ മുതല്‍ ആരാധകരുടെ ആവേശം സ്‌റ്റേഡിയത്തില്‍ ഒഴിയുന്നത് പ്രകടമാകും. ജപ്പാന്‍ മുതല്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ഇന്ത്യയുടെയുമെല്ലാം താരങ്ങള്‍ പതാകയേന്തി കടന്നുവരുന്നത് കാണാന്‍ സ്റ്റേഡിയത്തില്‍ ആളുണ്ടാകില്ല. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും പുത്തന്‍ പ്രതീക്ഷയുടെ നാളുകളെന്ന പേരില്‍ ജപ്പാന്‍ അതിഥേയത്വം വഹിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന് ജനപ്രീതി ഏറെയാണ്.
ഇന്ന് തെളിയുന്ന ഒളിമ്പിക് ദീപശിഖ ഓഗസ്റ്റ് എട്ടിനാകും അണയുക. 16 ദിവസത്തെ കായിക മാമാങ്കം. ഒരു സമയത്ത് ഉപേക്ഷിക്കണമെന്ന വാദം പോലും ഉയര്‍ന്നപ്പോള്‍ തളരാതെ മുന്നോട്ട് പോയി ജപ്പാന്‍ സര്‍ക്കാരും ഒളിമ്പിക് കമ്മിറ്റിയും. ജപ്പാനിലെ വിവിധ നഗരങ്ങളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നെങ്കിലും ഒളിമ്പിക്‌സ് ഒരുക്കങ്ങള്‍ക്ക് കോട്ടം തട്ടിയിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനാകില്ല. പരസ്പരം ഫോട്ടോയെടുക്കാനോ കുശലം പറയാനോ ടോക്കിയോയില്‍ പറ്റില്ല. ഒരു വര്‍ഷത്തെ ഇടവേള പലരുടെയും കരിയര്‍ തന്നെ മാറ്റിമറിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടക്കം എത്തുന്നുണ്ട്.
പതിനായിരത്തിലധികം താരങ്ങളാണ് 206 രാജ്യങ്ങളില്‍ നിന്ന് ടോക്കിയോയിലെത്തുന്നത്. ഇന്ത്യന്‍ സംഘത്തില്‍ 127 പേര്‍. അമേരിക്കയില്‍ നിന്ന് 600ല്‍ അധികം താരങ്ങള്‍ മത്സരിക്കാനെത്തും. ആകെ താരങ്ങളില്‍ അഞ്ഞൂറോളം പേര്‍ ആദ്യ ഒളിമ്പിക്‌സിനാണെത്തുന്നത്. ഏഴ് ഒളിമ്പിക്‌സുകളുടെ അനുഭവം പകര്‍ന്നവരും ടോക്കിയോയില്‍ പോരിനിറങ്ങും.
ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നെങ്കിലും പ്രധാന മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. 50 ഇനങ്ങളില്‍ നിന്നായി അയ്യായിരം മെഡലുകള്‍ ടോക്കിയോയില്‍ കാത്തിരിപ്പുണ്ട്.
















