തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ ഡി). വ്യാജ വായ്പകളുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. ഇ ഡി ഉദ്യോഗസ്ഥര്‍ കേസിലെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ച ശേഷമാകും തുടരന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വായ്പാത്തട്ടിപ്പ് വഴി 130 കോടിയിലേറെ രൂപ ബാങ്കിന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജ വായ്പകള്‍ക്ക് പുറമേ സ്വര്‍ണപ്പണയ വായ്പകളിലും സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പിലും റബ്കോയുമായുള്ള ഇടപാടിലും കോടികളുടെ വെട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
300 കോടിയിലേറെ വായ്പ നല്‍കിയതായി രേഖകളുണ്ട്. എന്നാല്‍ ഇത്രയും തുക ബാങ്കില്‍ നിന്ന് പോയിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്പാ രേഖകളുണ്ടാക്കിയതാകാമെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇ ഡി പരിശോധന നടത്തുന്നത്. ബാങ്കിന്റെ മൊത്ത നിക്ഷേപം 452 കോടിയാണെന്നാണ് കണക്കുകള്‍. വ്യാജ ഇടപാടുകള്‍ ഒഴിവാക്കിയാല്‍ 320 കോടി നിലവില്‍ ബാങ്കിന്റെ ആസ്തിയായുണ്ട് എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഏതാണ്ട് 200 കോടി രൂപയ്ക്കടുത്ത് കള്ളപ്പണം വെളുപ്പിക്കാനായി കൃത്രിമ വായ്പാ രേഖകളുണ്ടാക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്.
ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നുണ്ട്. സഹകരണ നിയമത്തിലെ ചട്ടങ്ങളൊന്നും പാലിക്കാതെയാണ് വായ്പകള്‍ അനുവദിച്ചിരിക്കുന്നത്. ഈടായി പണയപ്പെടുത്തിയെന്ന് രേഖകളില്‍ കാണിച്ചിട്ടുള്ള പല ഭൂമികളും ഇതിനിടയില്‍ വില്പന നടത്തിയിട്ടുണ്ട്.
വായ്പയ്ക്കായി സബ്-രജിസ്ട്രാര്‍ ഓഫീസ് വഴി ബാങ്കിന് പണയപ്പെടുത്തിയിട്ടുള്ള ഭൂമികള്‍ വില്ക്കാന് കഴിയില്ല. അതിനര്‍ഥം പണയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് വായ്പ അനുവദിച്ചിട്ടുള്ളത് എന്നാണ്. മാത്രമല്ല ഒരേ ഭൂമിയുടെ പേരില്‍ മൂന്നും നാലും വായ്പകള്‍ വരെ നല്‍കിയിട്ടുമുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഇക്കാരണങ്ങള്‍ കൊണ്ടാണ് സംശയമുയരുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: