ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര ഐടി മന്ത്രിയോട് അപമര്യാദയായി പെരുമാറിയ തൃണമൂല്‍ എംപിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്കാന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതേക്കുറിച്ച് അറിവുള്ളവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെഗാസസ് ചാര സോഫ്ട്വയറുപയോഗിച്ച് ചോര്‍ത്തല്‍ നടത്തിയെന്ന ആരോപണത്തില്‍ വ്യാഴാഴ്ച രാജ്യസഭയില്‍ മറുപടി പറയുന്നതിനിടെ തൃണമൂല്‍ എംപി ശാന്തനു സെന്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കയ്യില്‍നിന്ന് പ്രസ്താവന തട്ടിയെടുത്ത് കീറിയെറിയുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ശാന്തനു സെനും ചൂടേറിയ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു.
എന്നാല്‍ അതിനുശേഷവും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തൃണമൂല്‍ അംഗങ്ങളുടെ ബഹളം രൂക്ഷമായതോടെ രാജ്യസഭ പിരിഞ്ഞുവെങ്കിലും അന്തരീക്ഷത്തിന് അയവുണ്ടായില്ല. ഒരു ഘട്ടത്തില്‍ സഭയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വന്നു. പെഗാസസ് ആരോപണത്തില്‍ വ്യാഴാഴ്ച നിരവധി തവണ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. ശാന്തനു സെനുമായുള്ള വാക്കേറ്റത്തിന് ശേഷം വൈഷ്ണവ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി, രാജ്യസഭയിലെ ബിജെപി കക്ഷി നേതാവ് പീയുഷ് ഗോയല്‍, മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, വി മുരളീധരന് എന്നിവര്‍ യോഗം ചേര്‍ന്നു.
ശാന്തനു സെനിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി തൃണമൂല്‍ കൂടുതല്‍ അധപതിച്ചുവെന്നും കുറ്റപ്പെടുത്തി. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷ ബഹളം കാരണം പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് കഴിയാതെപോയ കാര്യവും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: