ഇസ്ലാമബാദ്: പാക്കിസ്ഥാന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകള്‍ ഇസ്ലാമബാദില്‍ കൊല്ലപ്പെട്ടു. ഇസ്ലാമബാദില്‍ അഫ്ഗാനിസ്ഥാന് അംബാസഡറുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം. തലസ്ഥാനത്ത് സാമ്പത്തികമായി മുന്നാക്കം നില്ക്കുന്ന പ്രദേശമായ എഫ്-എഴ്/നാലിലാണ് ഷൗക്കത്ത് മുകദത്തിന്റെ മകള്‍ നൂര്‍ മുകദത്തെ(27) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ദക്ഷിണ കൊറിയ, കസഖ്സ്ഥാന്‍ എന്നിവടങ്ങളില്‍ പാക്കിസ്ഥാന് അംബാസഡറായി ഷൗക്കത്ത് മുകദം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വെടിയേറ്റാണ് നൂര്‍ മുകദം മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിര്‍ ജാഫര്‍ എന്നയാളാണ് സംഭവസ്ഥലത്തുവച്ച് പിടിയിലായത്. പാക്കിസ്ഥാനില്‍ നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും സുരക്ഷിതരല്ലെന്ന ആശങ്കയ്ക്കിടെയാണ് ഈ കൊലപാതകം.
പാക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന് അംബസഡര്‍ നജിബുള്ള അലിഖിലിന്റെ മകള്‍ 26-കാരിയായ സില്‍സില അലിഖിലിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന ആരോപണവുമായി അഫ്ഗാനിസ്ഥാന് രംഗത്തെത്തിയത് ജൂലൈ 16ന് ആയിരുന്നു. ഇതാണ് പിന്നീട് നയതന്ത്ര തര്‍ക്കമായി രൂപപ്പെട്ടത്. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ ആരോപണം പാക്കിസ്ഥാന് നിഷേധിച്ചു. സംഭവം നടന്നതിന് ഇസ്ലാമബാദ് പൊലീസിന് തെളിവ് കിട്ടിയില്ലെന്ന വാദവും പാക്കിസ്ഥാന് ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: