തിരുവനന്തപുരം : ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി ചിത്രീകരിച്ചെന്ന് ആരോപിച്ച് മഹേഷ് നാരായണന്റെ മാലിക് സിനിമയ്‌ക്കെതിരെ പ്രതിഷേധം. ബീമാപള്ളിയെ സിനിമയില്‍ തെറ്റായി ചിത്രീകരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്തായി പ്രതിഷേധവും സംഘടിപ്പിച്ചു.
പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ഇതിനെതിരെ തുടര്‍പ്രതിഷേധ പരിപാടികള്‍ നടത്താനും സാംസ്‌കാരിക സമിതി ആലോചിക്കുന്നുണ്ട്.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത മാലിക്ക് സിനിമ റമദാ പള്ളിയുടെ പരിസരത്തെ കഥയാണ് പറയുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബീമാപള്ളി സംഭവുമായി സിനിമയ്‌ക്കുള്ള സാമ്യം ചിത്രം ഇറങ്ങിയത് മുതല്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മാലിക് സിനിമയിലെ തന്റെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന് മഹേഷ് നാരായണന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: