ഇരിട്ടി: രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന ആറളം ഫാമിൽ ഇവയെ പ്രതിരോധിക്കുന്നതിനായി ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജില്ലയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ച 3 ഫോറസ്റ്റ് സ്‌റ്റേഷനുകളിൽ ഒന്ന് ആറളം ഫാമിൽ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് . ജില്ലയിൽ വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശം ആറളം ഫാമും പുനരധിവാസ മേഖലയും ആണ് . കഴിഞ്ഞ 6 വർഷത്തിനിടെ ആറളം ഫാമിൽ മാത്രം 8 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 6 പേരും ആദിവാസി വിഭാഗത്തിൽപെട്ടവരാണ്. ഫാമിനോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ ഉണ്ടായ വന്യമൃഗ ആക്രമണം കൂടി ചേർത്താൽ പേരാവൂർ നിയോജക മണ്ഡലത്തിൽ മാത്രം ഇതുവരെ 14 പേർക്ക് ജീവഹാനി സംഭവിച്ചു.
നിരവധി പേർക്കു പരുക്ക് ഏൽക്കുകയും ഉണ്ടായി.
മേഖലയിലെ കൃഷിനാശത്തിന്റെ കണക്കെടുത്താൽ അത് തന്നെ കോടികൾ വരും. ആറളം ഫാമിൽ മാത്രം 2 വർഷത്തിനിടെ 11.2 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായി കണക്കാക്കുന്നു . ആദിവാസി പുനരധിവാസ മേഖലയിലും സമീപ ജനവാസ കേന്ദ്രങ്ങളിലുമായി ഇതിലും അധികം നഷ്ടം വേറെയും ഉണ്ടായിട്ടുണ്ട്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നുമെത്തുന്ന കാട്ടാനകൾ ആറളം ഫാമിൽ തമ്പടിച്ചാണു നാശം വിതയ്‌ക്കുന്നത്.
ഫാമിനും പുനരധിവാസ മേഖലക്കുമായി 7650 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇവിടെ തമ്പടിക്കുന്ന ആനകളാണ് ഫാമിലേയും ഫാമിന് പുറത്ത് ആറളം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളുടെ വിവിധ ജനവാസ മേഖലകളിലും കടന്നു കയറി നാശം വിതക്കുന്നത് . ഇടയ്‌ക്കിടെ ആനകളെ തുരത്തി കാട്ടിലേക്ക് വിടുന്ന നടപടികൾ സ്വീകരിക്കുന്നുടെങ്കിലും ഇവ വീണ്ടും ഫാമിലേക്ക് തിരിച്ചെത്തുകയാണ് പതിവ്. കഴിഞ്ഞ 3 ആഴ്ച മുൻപ് മൂന്നു ദിവസത്തെ പ്രയത്നത്തിനൊടുവിൽ ആന തുരത്തിലൂടെ 34 ആനകളെ കാടു കയറ്റിവിട്ടെങ്കിലും ഫാമിൽ 17 എണ്ണം അവശേഷിച്ചിരുന്നു. ഇവയെ തുരത്താനാകും മുൻപും നേരത്തെ തുരത്തിയവയും ഫാമിൽ തിരികെ എത്തി. ഈ സാഹചര്യത്തിലാണു ആറളം ഫാമിൽ ഫോറസ്റ്റ് സ്‌റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്.
ഫാമിനുള്ളിൽ സ്റ്റേഷൻ സ്ഥാപിക്കാൻ സാധിക്കുന്ന വിധം കൊട്ടിയൂർ റേഞ്ച് പരിധിയിൽപെട്ട നിക്ഷിപ്ത(വെസ്റ്റഡ്) വന പ്രദേശങ്ങളും ഉണ്ട്. നിലവിൽ തളിപ്പറമ്പ് റേഞ്ചിനു കീഴിലുള്ള ആർആർടി സംവിധാനം മാത്രമാണു ഫാമിൽ ഉള്ളത്. ഇവർക്ക് ആൾബലവും ഭൗതിക സാഹചര്യങ്ങളും കുറവാണ്. ഫോറസ്റ്റ് സ്‌റ്റേഷൻ വന്നാൽ ഒരു ഡപ്യൂട്ടി റേഞ്ചർ, 4 സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർ, 14 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, വാച്ചർമാർ എന്നിവരുടെ സേവനം ലഭ്യമാകും. ആനകളെ കാട്ടിലേക്കു തുരത്തുന്നതിലും ജനങ്ങൾക്കു സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലും നഷ്ട പരിഹാര അപേക്ഷകൾ വേഗത്തിൽ സ്വീകരിക്കുന്നതിലും തുക ലഭ്യമാക്കുന്നതിലും ക്രിയാത്മകമായി ഇടപെടാനാകും. ആറളത്തു വിവിധ പ്രതിഷേധ സമരങ്ങൾ നടന്നപ്പോഴുള്ള ചർച്ചകളിൽ പ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌നയും ഫാമിൽ ഫോറസ്റ്റ് സ്‌റ്റേഷൻ അനുവദിക്കണമെന്ന ശുപാർശ വനം വകുപ്പിനു നേരത്തെ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: