തൃപ്പൂണിത്തുറ : ചലച്ചിത്ര നടന് കെ.ടി.എസ്. പടന്നയില്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചാണ് മരണം. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും മരിച്ചത്.
ഹാസ്യവേഷങ്ങളിലൂടെയാണ് പടന്നയില്‍ സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. തുടര്‍ന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നിരവധി ഫൈന്‍ആര്‍ട്സ് സൊസൈറ്റി അവാര്‍ഡുകളും ലഭിച്ചു.
രാജസേനന് സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്മണി, വൃദ്ധന്മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു ഒപ്പ് എന്നിങ്ങനെ രണ്ടുപതിറ്റാണ്ടിലേറെ സിനിമാ സീരിയല്‍ ലോകത്ത് അദ്ദേഹം സജീവമായിരുന്നു.
നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കട അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. സിനിമ സീരിയല്‍ തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ അദ്ദേഹം തന്റെ കടയിലുണ്ടാകും. കെ.ടി. സുബ്രഹ്മണ്യന് പടന്നയില്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: