ടോക്കിയോ: ഒളിമ്പിക്സിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ജപ്പാന് പ്രതീക്ഷയുടെ ആദ്യ ജയം. സോഫ്റ്റ്ബോളിന് തുടക്കം കുറിച്ച വനിതകളുടെ ജപ്പാന്-ഓസ്ട്രേലിയ മത്സരത്തില്‍ ഒന്നിനെതിരെ എട്ട് പോയിന്റിന് ജപ്പാന് താരങ്ങള്‍ വിജയത്തിലേക്കെത്തി. 2008ന് ശേഷം ഒളിമ്പിക്സില്‍ ഇതാദ്യമായാണ് സോഫ്റ്റ്ബോള്‍ ഭാഗമാകുന്നത്. 2012ലും കഴിഞ്ഞ തവണ നടന്ന 2016ലെ റിയോ ഒളിമ്പിക്സിനും സോഫ്റ്റ്ബോള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2008ല്‍ ജപ്പാനായിരുന്നു വിജയികള്‍.
ഔദ്യോഗികമായി ഒളിമ്പിക്സിന് തിരി തെളിഞ്ഞിട്ടില്ലെങ്കിലും സോഫ്റ്റ്ബോള്‍ മത്സരങ്ങള്‍ ഇന്നലെ തുടങ്ങുകയായിരുന്നു. മൂവായിരം പേര്‍ക്ക് ഇരിക്കാവുന്ന ഫുക്കുഷിമയിലെ സ്റ്റേഡിയത്തില്‍ 50 പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരാകട്ടെ മാച്ച് റഫിറിമാരും സ്റ്റാഫ് അംഗങ്ങളും. വിജയത്തിന് ശേഷം പ്രതീക്ഷയുടെ ആഘോഷമാണെന്ന് താരങ്ങള്‍ പ്രതികരിച്ചു. ലോക ആരോഗ്യ സംഘടനയും പുത്തന്‍ ചെറുത്തുനില്‍പ്പിന്റെ ആഘോഷമായാണ് ആദ്യ മത്സരത്തെ വിലയിരുത്തിയത്.
കൊവിഡ് ഭീതിയില്‍ ലോകം നിലച്ചപ്പോള്‍ പുത്തന്‍ പ്രതീക്ഷയിലേക്കാണ് ആദ്യ മത്സരം നീങ്ങുന്നതെന്ന് ഒളിമ്പിക്സ് അധികൃതരും പറഞ്ഞു. 2024ല്‍ നടക്കുന്ന ഒളിമ്പിക്സില്‍ സോഫ്റ്റ്ബോള്‍ ഉണ്ടാകില്ലെന്നാണ് വിവരം. 2028ലാകും സോഫ്റ്റ്ബോള്‍ വീണ്ടും തിരിച്ചെത്തുക. സോഫ്റ്റ്ബോളില്‍ ജപ്പാന് വിജയികളാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: