Categories: Samskriti

അംബരീഷ ചരിതം

ദുര്‍വ്വാസാവിന്റെ പരാക്രമങ്ങള്‍കണ്ട് തെല്ലും കൂസാതെ നില്‍ക്കുകയാണ് അംബരീഷന്‍. തനിക്ക് ധര്‍മ്മത്തിന്റെ കവചമുണ്ടെന്ന് പൂര്‍ണബോധ്യമുണ്ടായിരുന്നു അംബരീഷന.് താന്‍ അതിഥിമര്യാദ തെറ്റിച്ചിട്ടില്ല. വ്രതനിഷ്ഠ പാലിക്ക മാത്രമാണ് ചെയ്തത്. തെറ്റു ചെയ്യാത്തവനെ ശിക്ഷാദണ്ഡ് ബാധിക്കില്ല.

Published by

മുകുന്ദന്‍ മുസലിയാത്ത്

നാഭാഗനെന്ന കവിയുടെ  പുത്രനാണ് അംബരീഷന്‍. പിതാവിന്റെ സദ്ഗുണങ്ങള്‍ പുത്രനും പരിപാലിച്ചു. ഉത്തമനായ വിഷ്ണുഭക്തന്‍. സര്‍വ്വൈശ്വര്യങ്ങളും തികഞ്ഞ, നാടിന്റെ മന്നനായി അംബരീഷന്‍. രാജാവിനെ അനുകരിച്ച് പ്രജകളും വിഷ്ണുപ്രിയരായി ജീവിച്ചു. ഭഗവത് ഭക്തന്മാരെ അംബരീഷന്‍ ഭഗവാന്‍ തന്നെ എന്നു കരുതി ആദരിച്ചു. പഞ്ചേന്ദ്രിയങ്ങള്‍ ഈശ്വരകാര്യത്തെ മാത്രം ആശ്രയിച്ചു. കണ്ണുകള്‍ ഭഗവാനെ കാണാന്‍. കാതുകള്‍ ഭഗവത് കഥാശ്രവണത്തിന്. നാവു നാമം ജപിക്കാന്‍. കൈകള്‍ ഈശ്വരപൂജനത്തിന്. കാലുകള്‍ ഭഗവാന്റെ വിഗ്രഹമിരിക്കുന്ന ക്ഷേത്രത്തെ വലംവക്കാന്‍. ശിരസ്സ് ഭഗവാനെ നമിക്കാന്‍. ശരീരം ഭക്തന്മാരെ സേവിക്കാന്‍.  

കാര്‍ത്തികമാസത്തിലെ (വൃശ്ചികമാസം) ഏകാദശീവ്രതം അംബരീഷന്‍ സകുടുംബം മുടങ്ങാതെ ആചരിച്ചുപോന്നു. ദശമി ദിവസം ഒരു നേരം ആഹാരം. ഏകാദശിനാള്‍ പൂര്‍ണ ഉപവാസം. ദ്വാദശി പാരണയോടെ വ്രതാവസാനം. അതിനുശേഷം ഗുരുദക്ഷിണയും സാധുസല്‍ക്കാരവും.

ഒരിക്കല്‍, പാരണയ്‌ക്കു തയ്യാറായ അംബരീഷന്‍, ദുര്‍വ്വാസാവു മഹര്‍ഷി കൊട്ടാരത്തിലേക്കു വരുന്നതു കണ്ടു. ആതിഥ്യ മര്യാദകള്‍ പാലിച്ച് മഹര്‍ഷിയെ ഭിക്ഷയ്‌ക്കു ക്ഷണിച്ചു. സ്‌നാനത്തിനായി കാളിന്ദിയിലിറങ്ങിയ മഹര്‍ഷി നേരം വൈകിയിട്ടും  കരക്കുകയറിയില്ല. അംബരീഷന്റെ ഏകാദശീവ്രതം മുടക്കുക തന്നെയായിരുന്നു ഉദ്ദേശ്യം.

പാരണയ്‌ക്കു സമയം അതിക്രമിക്കുന്നുവെന്നു കണ്ട  അംബരീഷന്‍ തുളസീതീര്‍ത്ഥം പാരണയായി കഴിച്ച് ഭിക്ഷയ്‌ക്ക് ദുര്‍വ്വാസാവിനെ കാത്തിരുന്നു. താന്‍ വരുന്നിനു മുന്‍പ് പാരണ കഴിച്ചത് അതിഥിയായ തന്നെ അപമാനിച്ചതാണെന്നു പറഞ്ഞു മുനി കോപിഷ്ഠനായി. മാത്രമല്ല സ്വന്തം ജടപിടിച്ചു വലിച്ച് അതില്‍നിന്ന് ഒരു ഉഗ്രമൂര്‍ത്തിയെ സൃഷ്ടിച്ചു. കൃത്യ എന്ന ഘോരരൂപിണിയുടെ നേത്രങ്ങളില്‍നിന്നും ജിഹ്വയില്‍നിന്നും അഗ്നിനാളങ്ങള്‍ ജ്വലിച്ചുകൊണ്ടിരുന്നു. കാലാഗ്നി സദൃശയായ കൃത്യയെ അംബരീഷ നിഗ്രഹത്തിനായി നിയോഗിച്ചു.  

ദുര്‍വ്വാസാവിന്റെ പരാക്രമങ്ങള്‍കണ്ട് തെല്ലും കൂസാതെ നില്‍ക്കുകയാണ് അംബരീഷന്‍. തനിക്ക് ധര്‍മ്മത്തിന്റെ കവചമുണ്ടെന്ന് പൂര്‍ണബോധ്യമുണ്ടായിരുന്നു അംബരീഷന.് താന്‍ അതിഥിമര്യാദ തെറ്റിച്ചിട്ടില്ല. വ്രതനിഷ്ഠ പാലിക്ക മാത്രമാണ് ചെയ്തത്. തെറ്റു ചെയ്യാത്തവനെ ശിക്ഷാദണ്ഡ് ബാധിക്കില്ല.

ഭക്തനു നേര്‍ക്ക് സംഹാരശക്തിയോടെ പാഞ്ഞടുക്കുന്ന കൃത്യയെ കണ്ടു ഭഗവാന്‍ സുദര്‍ശനം തൊടുത്തുവിട്ടു. അതു അംബരീഷനു ചുറ്റും അഭേദ്യ ദുര്‍ഗ്ഗമായി വര്‍ത്തിച്ചു. കൃത്യക്കു അംബരീഷനെ സ്പര്‍ശിക്കുവാനും കഴിഞ്ഞില്ല. സുദര്‍ശനം കൃത്യയെ ചുട്ടു ചാമ്പലാക്കി. അതിനുശേഷം ദുര്‍വ്വാസാവിനു നേരെ സുദര്‍ശനം തിരിഞ്ഞു. ദുര്‍വ്വാസാവു ഭയന്നു പാഞ്ഞു. വൃക്ഷപ്പൊത്തിലും ഗുഹയിലും വെള്ളത്തിനടിയിലും ഒളിക്കാന്‍ ശ്രമിച്ചു. സകല അഭയകേന്ദ്രങ്ങളിലും സുദര്‍ശനവും എത്തി. മഹര്‍ഷി ദേവേന്ദ്രനെ സമീപിച്ചു. ദേവേന്ദ്രന്‍ കൈമലര്‍ത്തി. ബ്രഹ്മാവും മഹേശ്വരനും നിസ്സഹായരാണെന്ന് അറിയിച്ചു. അവസാനം ഗത്യന്തരമില്ലാതെ വിഷ്ണുപാദത്തില്‍ ദുര്‍വ്വാസാവു അഭയം തേടി. മഹാവിഷ്ണു ദുര്‍വ്വാസാവിനോടു പറഞ്ഞു.

സുദര്‍ശനം ഞാന്‍ പ്രയോഗിച്ചതുതന്നെ. പക്ഷേ അതു പിന്‍വലിക്കാന്‍ ഞാന്‍ ശക്തനല്ല. ഭക്തനു മുന്നില്‍ ഞാന്‍ ദുര്‍ബ്ബലനാണ്. ഭക്തന്മാരാണ് സര്‍വ്വശക്തര്‍. അംബരീഷന്‍ കനിഞ്ഞാല്‍ മാത്രമേ അങ്ങേക്ക് രക്ഷയുള്ളൂ. സമയം കളയാതെ അംബരീഷനെ കാണൂ. അംബരീഷന്‍ അങ്ങയെ രക്ഷിക്കും.

ദുര്‍വ്വാസാവു അംബരീഷനെ ശരണംപ്രാപിച്ചു. ബ്രാഹ്മണരെ വന്ദിക്കുന്ന അംബരീഷനു മുന്നില്‍ ബ്രാഹ്മണന്‍ വന്ദിക്കുന്നതു കണ്ട അംബരീഷന്‍ അയ്യേ! എന്നു പറഞ്ഞു ദുര്‍വ്വാസാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പിന്നാലെ വരുന്ന സുദര്‍ശനത്തെ സ്തുതിച്ചു. സ്തുതിച്ചിട്ടും സുദര്‍ശനം അടങ്ങുന്നില്ല എന്നുകണ്ട അംബരീഷന്‍ പറഞ്ഞു. എന്റെ വ്രതാനുഷ്ഠാനത്തിലും ധര്‍മബോധത്തിലും ച്യുതി വന്നിട്ടില്ലെങ്കില്‍ ഞാനും എന്റെ കുലവും ഈശ്വര തുല്യം കാണുന്ന ഈ ബ്രാഹ്മണനെ രക്ഷിച്ചാലും.

രാജാവിന്റെ വാക്കുകേട്ട സുദര്‍ശനം ശാന്തനായി. ഭക്തവൈഭവമറിഞ്ഞ ദുര്‍വ്വാസാവും അദ്ഭുതപ്പെട്ടു. അതിലും കവിഞ്ഞ് അപരാധിയില്‍ കനിവു കാട്ടിയ ഭക്തഹൃദയത്തെ ദുര്‍വ്വാസാവ് നിര്‍ല്ലജ്ജം നമസ്‌കരിച്ചു.

അംബരീഷന്‍ മുനിയെ വണങ്ങി. ആതിഥ്യമുറ പ്രകാരം ഭിക്ഷയ്‌ക്കു ക്ഷണിച്ചു. ദുര്‍വ്വാസാവു തിരിച്ചുവരുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ആഹാരം കഴിക്കാതെ കാത്തിരിക്കയായിരുന്നു അംബരീഷന്‍. ഭക്തവത്സലനേക്കാള്‍ ഭക്തന്മാരുടെ ദര്‍ശനം തന്നെ ഭാഗ്യമെന്ന് ദുര്‍വ്വാസാവു തിരിച്ചറിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: കഥ