2024ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനായി എന്‍.സി.പി. നേതാവ് ശരത് പവാര്‍ 15 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ ആ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.
സംഘടനാദൗര്‍ബ്ബല്യം കൊണ്ട് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനെ കൂടെ കൂട്ടിയാല്‍ അവരുടെ അവകാശവാദങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് ശരത്പവാര്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎം.കെ. ശിവസേന, ആം ആദ്മി പാര്‍ട്ടി. വൈ.എസ്. ആര് കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി. ആര്‍ജെഡി, നാഷണല്‍ കോണ്‍ഫ്രന്‍സ്, സി.പി.ഐ, സിപിഎം. പിഡിപി തുടങ്ങിയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് സഖ്യം രൂപീകരിക്കാനാണ് ശരത്പവാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം ഒരു രാഷ്ട്രീയ സഖ്യത്തിന് ദേശീയ രാഷ്ട്രീയത്തില്‍ ഇന്നത്തെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുകയില്ല. കാരണം യോഗത്തില്‍ പങ്കെടുത്ത കക്ഷികള്‍ പലതും പേരുകൊണ്ട് ദേശീയമാണെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമോ ചില സംസ്ഥാനങ്ങളിലെ പോക്കറ്റുകളില്‍ മാത്രമോ ഒതുങ്ങുന്നതോ ആയ സംഘടനകളാണ്.മുന്നണിയായി മത്സരിച്ച് കിട്ടുന്ന സീറ്റുകളുമായി കോണ്‍ഗ്രസ്സിനെ സമീപിച്ച് അവരുടെ പിന്തുണയോടെ ഭരണം പിടിക്കാനാണ് പവാര്‍ ലക്ഷ്യമിടുന്നത്.
ഇന്ധനവില വര്‍ദ്ധനവ്, കര്‍ഷകസമരം, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം എന്നിവ മുന്‍നിര്‍ത്തി ഭരണകക്ഷിയായ ബിജെപിക്കെതിരായ പടയൊരുക്കം നടത്താനാണ് ഇപ്പോഴത്തെ നീക്കം. എന്നാല്‍ 2023 ആകുമ്പോഴേക്കും ഈ വിഷയങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ട് അപ്രസക്തമാവുമെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതിപക്ഷ ഐക്യം എന്ന ആശയം കുറെ നാളായി ദേശീയ രാഷ്ട്രീയത്തില്‍ ഉദയം ചെയ്തിട്ട്. ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൂടിയ മഹാസഖ്യം വന്‍ തിരിച്ചടി നേരിട്ടത് ഈ നീക്കങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ തിരിച്ചടിയായിരുന്നു.സഖ്യത്തിലെ ഓരോ കക്ഷിയും ഓരോ നേതാവിന്റെ സ്ഥാപിത താല്പര്യങ്ങള്ക്ക് മുന്‍തൂക്കം നല്കിയതുകൊണ്ടാണ് തുടക്കത്തിലേ സഖ്യം തകര്‍ന്നടിഞ്ഞത്.
അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രതിപക്ഷ പാര്‍ട്ടികളുടെ വിജയമാണ് ഇത്തരം ഒരു ഐക്യനീക്കത്തില്‍ പൊടുന്നനേ ഉണ്ടായ പ്രചോദനം. പ്രാദേശിക പാര്‍ട്ടികള്‍ ഭരണം നടത്തുന്ന ബംഗാളിലും തമിഴ്നാട്ടിലും സി.പി.എം ഭരിക്കുന്ന കേരളത്തിലും ഉണ്ടായ പ്രതിപക്ഷവിജയത്തിന് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ വലിയ ദേശീയ പ്രാധാന്യവുമില്ല.
ഉത്തര്‍പ്രദേശില്‍ സമജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മകന് അഖിലേഷ് യാദവും ബിസ്പി നേതാവും മായാവതിയും സ്വന്തം നിലയില്‍ ജനകീയ അടിത്തറ ഉള്ളവരും ചില സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉള്ളവരുമാണ്. പക്ഷേ ഇവര്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഒരു മുന്നണി ആയി മത്സരിക്കാനുള്ള സാദ്ധ്യത വിരളമാണ്. അഥവാ ബീഹാറിലെ വിശാല സഖ്യം പോലെ യോജിച്ചാലും അതിനെ അതിജീവിക്കാനുള്ളശക്തി ബിജെപിക്ക് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ട്.
അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇങ്ങനെ ഒരു മുന്നണി ഉണ്ടായാലും അതിന് കാര്യമായ സ്വാധീനം ചെലുത്താനാകില്ല. ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ മിന്നുന്ന വിജയം അതിന്റെ ചൂണ്ടുപലകയാണ്.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്‍കൂട്ടി മുന്നണി രൂപീകരിക്കാനുള്ള നീക്കത്തില്‍ കടമ്പകള്‍ ഏറെയുണ്ട്. മമതാ ബാനര്‍ജി, ശരത് പവാര്‍, അരവിന്ദ് കേജരിവാള്‍ തുടങ്ങി പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് കഴിയുന്ന നേതാക്കളില്‍ ആരെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാണിക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ആദ്യത്തെ കീറാമുട്ടി. മുന്നണി നിലവില്‍ വന്നാലും ഇതിലെ കൂട്ടു കക്ഷികള്‍ പലതും പ്രാദേശിക കക്ഷികള്‍ എന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് ഒരു സ്വാധീനവും ഉള്ളവരല്ല. ഈ സാഹചര്യത്തില്‍ ഇന്നത്തേപ്പോലെ ബിജെപിക്കു മുന്‍തൂക്കമുള്ള ഒരു രാഷ്ട്രീയ സാഹചര്യത്തിനപ്പുറം രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ ഈ മുന്നണിക്കാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: