ആതിര വി.വി/ബെംഗളൂരു:
സര്‍ക്കാര്‍ ജോലികളില്‍ ഭിന്നലിംഗക്കാര്‍ക്ക് സംവരണം നല്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കര്‍ണാടകം. ഈ വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ ഒരു ശതമാനം സംവരണമാണ് ലഭിക്കുക. 1977 ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടത്തിലെ (ജനറല്‍ റിക്രുട്ട്മെന്റ്) ഒമ്പതാം റൂള്‍ ഭേദഗതി ചെയ്ത വിജ്ഞാപന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ജൂലൈ 6ന് പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തില്‍ എല്ലാ വിഭാഗത്തിലുള്ള ഭിന്നലിംഗക്കാര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ഒരു ശതമാനം സംവരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ സ്ത്രീ-പുരുഷ വിഭാഗം എന്നിവയ്ക്കൊപ്പം മറ്റുള്ളവര്‍ എന്നും ഉള്‍പ്പെടുത്താനും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാര്‍ ജോലികളില്‍ നേരിട്ടുള്ള നിയമനത്തില്‍ ജനറല്‍ മെറിറ്റ്, പട്ടികജാതി, പട്ടിക വര്‍ഗം, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയിലാണ് ഭിന്നലിംഗക്കാര്‍ക്ക് ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഭിന്നലിംഗക്കാരോട് യാതൊരുവിധ വിവേചനവും പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. നീക്കി വെച്ച സംവരണ സീറ്റുകളില്‍ ഭിന്നലിംഗക്കാര്‍ അപേക്ഷിക്കുന്നില്ലെങ്കില്‍ അര്‍ഹരായ മറ്റു ഉദ്യോഗാര്‍ഥികളെ ഈ ജോലിക്കായി പരിഗണിക്കാം.
സംസ്ഥാന സ്പെഷല്‍ റിസര്‍വ് കോണ്‍സ്റ്റബിള്‍, ബാറ്റ്സ്മാന് തസ്തികകളിലെ തൊഴിലവസരങ്ങള്‍ ഭിന്നലിംഗക്കാര്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഈ വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഗമ എന്ന സന്നദ്ധ സംഘടന കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ നിയമനങ്ങളില്‍ ഒരു ശതമാനം സംവരണം ഭിന്നലിംഗക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് കുമാര്‍ പാട്ടീല്‍ ബെഞ്ചിനെ അറിയിച്ചു. നിലവിലെ ഭേദഗതി സര്‍ക്കാര്‍ സേവനങ്ങളില്‍ മൂന്നാം ലിംഗഭേദത്തെ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ഇത്തരക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് സംഗമയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ജയ്ന കോത്താരി പറഞ്ഞു.
എന്നാല്‍ ഈ വിഷയത്തില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കുന്നത് പരിഗണിക്കുകയുള്ളൂവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ ഹൈക്കോടതി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങള്‍ക്ക് കര്‍ണാടകം മാതൃകയാവുമെവന്ന് ബെഞ്ച് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: