കോട്ടയം: റബ്ബര്‍ തോട്ടങ്ങളെയും റബ്ബര്‍ കര്‍ഷകരെയും കുറിച്ചുള്ള സമഗ്രവിവര ശേഖരണത്തിന് രാജ്യവ്യാപക സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബ്ബര്‍ ബോര്‍ഡ് ഒരുങ്ങുന്നു. രാജ്യത്തെ റബ്ബര്‍ കര്‍ഷകരുടെ എണ്ണം, കൃഷി സ്ഥലം, ഉല്പാദനം, ഇനങ്ങള്‍, ടാപ്പിങ് രീതികള്‍, പുതിയ റബ്ബറിനങ്ങളുടെ സ്വീകാര്യത തുടങ്ങി റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കും. രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ഒരു സമ്പൂര്‍ണ സെന്‍സസ് നടത്തുന്നത്.
23ന് കോട്ടയത്ത് നിന്നാരംഭിക്കുന്ന സെന്‍സസ് വിവിധഘട്ടങ്ങളിലായി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. രാജ്യത്തെ റബ്ബര്‍ കൃഷിയുടെ 67% കേരളത്തിലാണ്. ഇതില്‍ അഞ്ചിലൊന്ന് കോട്ടയം ജില്ലയിലാണ്. ഇതിനാലാണ് കോട്ടയത്ത് നിന്ന് സര്‍വ്വേക്ക് തുടക്കമിടുന്നത്. 1988 മുതല്‍ 1996 വരെയും 1997 മുതല്‍ 2002 വരെയും കേരളത്തില്‍ ഘട്ടംഘട്ടമായി റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട് സെന്‍സസ് നടത്തിയിരുന്നു. കേരളത്തിലെ റബ്ബര്‍ കൃഷിയെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തുകയെന്നതും ഈ സെന്‍സസിന്റെ ലക്ഷ്യമാണ്.
ഡിജിറ്റലൈസ്ഡ് മൊബൈല്‍ ആപ്ലിക്കേഷനായ ‘റുബാക്ക്’ ഉപയോഗിച്ചാണ് സെന്‍സസ് നടത്തുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, കേരളവുമായി സഹകരിച്ചാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. റബ്ബര്‍ പ്രൊഡക്ഷന്‍ വിഭാഗവും സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗവും ചേര്‍ന്നാണ് സെന്‍സസ് നടത്തുക. വിവിധ റബ്ബര്‍ പ്രൊഡ്യൂസിങ് സൊസൈറ്റികളുടെ (ആര്‍പിഎസ്) സഹായത്തോടെ എന്യുമേറ്റര്‍മാരെ നിയോഗിച്ച് ഫീല്‍ഡ് സര്‍വേയിലൂടെയാണ് സെന്‍സസ്. എന്യുമേറ്റര്‍മാര്‍ കര്‍ഷകരെ നേരില്‍ കണ്ട് വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. സെന്‍സസ് വഴി ശേഖരിക്കുന്ന യൂണിറ്റ് ലെവല്‍ വിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയും രഹസ്യാത്മകത കര്‍ശനമായി പാലിക്കുകയും ചെയ്യും.
റബ്ബറുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് പുതിയ നടീല്‍, റീപ്ലാന്റിങ്, റബ്ബറിന് കീഴിലുള്ള യഥാര്‍ത്ഥ വിസ്തീര്‍ണ്ണം, ശുപാര്‍ശ ചെയ്യപ്പെടുന്ന കാര്‍ഷിക-മാനേജ്മെന്റ് രീതികള്‍ സ്വീകരിക്കുന്ന നില, വിളവെടുപ്പ് രീതികള്‍, ടാപ്പര്‍മാരുടെ വിശദാംശങ്ങള്‍ തുടങ്ങിയവ തുടങ്ങിയവയെക്കുറിച്ചുള്ള വിശ്വസനീയവും സമയബന്ധിതവുമായ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണ്. രാജ്യത്തെ റബ്ബര്‍ വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ചെറുകിട മേഖലയാണ്. 0.57 ഹെക്ടര്‍ സ്ഥലമാണ് ശരാശരി ചെറുകിട കര്‍ഷകരുടെ കൈവശമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: