ന്യൂദല്‍ഹി: കൊവിഡ് കാലയളവില്‍ ദേശീയപാത നിര്‍മാണം റെക്കോര്‍ഡ് വേഗത്തില്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. 2020-21 ല്‍ ദേശീയപാത നിര്‍മാണം പ്രതിദിനം 36.5 കിലോമീറ്ററായി ഉയര്‍ന്നു. ദേശീയപാതകളുടെ എക്കാലത്തെയും ഉയര്‍ന്ന നിര്‍മ്മാണ വേഗതയാണിത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
24 മണിക്കൂറിനുള്ളില്‍ 2.5 കിലോമീറ്റര്‍ 4 വരി കോണ്‍ക്രീറ്റ് റോഡും വെറും 21 മണിക്കൂറിനുള്ളില്‍ 26 കിലോമീറ്റര്‍ സിംഗിള്‍ ലെയ്ന്‍ ബിറ്റുമെന്‍ റോഡും നിര്‍മിച്ച് ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു. കരാറുകാര്‍ക്ക് ആവശ്യമായ പിന്തുണ, കരാര്‍ വ്യവസ്ഥകളില്‍ ഇളവ്, സബ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കല്‍, തൊഴിലാളികള്‍ക്ക് ഭക്ഷണവും, മെഡിക്കല്‍ സൗകര്യങ്ങളും ജോലിസ്ഥലത്ത് ലഭ്യമാക്കുക എന്നിവ വഴിയാണ് റോഡ നിര്‍മ്മാണം ലക്ഷ്യമിട്ട വേഗത്തില്‍ തന്നെ എത്തിക്കാന്‍ സാധിച്ചതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
നയമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നതിനും ഗുണനിലവാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുമായി ഗുണനിലവാര നിയന്ത്രണ സംവിധാനം സജ്ജമാക്കി. ഗുണനിലവാരം ഉറപ്പാക്കാനായി ഐആര്‍സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായും ഗഡ്കരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: