ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദിന്റെ ഭാര്യ ലൂസി ഖുര്‍ഷിദിനെതിരെ ജാമ്യമില്ലാ വാറണ്ട്. അവര്‍ നടത്തിയിരുന്ന ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റ് 71 ലക്ഷം രൂപയുടെ കേന്ദ്ര ഗ്രാന്റുകള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ലൂസി ഖുര്‍ഷിദിനെ കൂടാതെ ട്രസ്റ്റ് സെക്രട്ടറി അതാര് ഫറൂഖിക്കിക്കെതിരെയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ത്യാഗി ചൊവ്വാഴ്ച ജമ്യാമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഓഗസ്റ്റ് 16ന് കേസ് വീണ്ടും പരിഗണിക്കും. 2010 മാര്‍ച്ചിലാണ് ട്രസ്റ്റിന് 71.5 ലക്ഷം രൂപ കേന്ദ്ര ഗ്രാന്റായി ലഭിക്കുന്നത്.
ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ചക്രക്കസേരകളും മുച്ചക്ര സൈക്കിളുകളും ശ്രവണസഹായികളും നല്‍കുന്നതിനായിരുന്നു പണം അനുവദിച്ചത്. 2012 ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ ആരോപണമുയര്‍ന്നു. എന്നാല്‍ ലൂസി ഖുര്‍ഷിദ് ആരോപണങ്ങള്‍ തള്ളി. ഈ സമയം യുപിഎ സര്‍ക്കാരില്‍ സല്മാന് ഖുര്‍ഷിദ് മന്ത്രിയായിരുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നതിന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ സൃഷ്ടിച്ചുവെന്നും ഇവരുടെ പേരിലുള്ള വ്യാജ സീലുകള്‍ ഉപയോഗിച്ചുവെന്നുമാണ് ആരോപണം.
ഉപകരണങ്ങള്‍ നല്‍കാനായി വിവിധ ജില്ലകളില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചുവെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. എന്നാല്‍ ക്യാംപുകള്‍ കടലാസുകളില്‍ മാത്രമൊതുങ്ങിയെന്നും പിന്നീട് ആക്ഷേപമുയര്‍ന്നു. 2017-ല്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തുടര്‍ന്ന് കായംഗഞ്ച് പൊലീസ് സ്റ്റേഷനില്‍ ലൂസി ഖുര്‍ഷിദിനും ഫറൂഖിക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2019 ഡിസംബര്‍ 30ന് കുറ്റപത്രം നല്കി. ട്രസ്റ്റിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു ലൂസി ഖുര്‍ഷിദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: