ശ്രീനഗര്‍;കശ്മീരില്‍ സ്ഥിരതാമസക്കാരായവരുടെ ജീവിതപങ്കാളിക്കും ഇനി സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് ജമ്മു കശ്മീര്‍ ഭരണകൂടം തീരുമാനിച്ചു. ഇതിനായി ജമ്മു കശ്മീര്‍ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നിയമങ്ങള്‍, 2020 ഭേദഗതി ചെയ്തു.സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് കശ്മീരിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും.
ഇനി മുതല്‍ ജമ്മുകശ്മീരില്‍ സ്ഥിരതാമസക്കാരായവരെ വിവാഹം കഴിക്കുന്നവര്‍ക്കും സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിവാഹ സര്‍ട്ടിഫിക്കറ്റും ഭാര്യയുടെ/ഭര്‍ത്താവിന്റെ ജമ്മുകശ്മീരിലെ സ്ഥിരതാമസസര്ട്ടിഫിക്കറ്റും കാണിച്ചാല്‍ തഹസീല്‍ദാര്‍ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നല്‍കും.
നേരത്തെ ജമ്മുകശ്മീരില്‍ ഉള്ള ഒരാള്‍ പുറത്ത് നിന്നും ഒരാളെ വിവാഹം കഴിച്ചാലും അവര്‍ക്ക് ജമ്മുകശ്മീരിനകത്ത് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നില്ല. 370ാം വകുപ്പ് റദ്ദാക്കിയതോടെയാണ് പുറത്തെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും കശ്മീരില്‍ സ്ഥിരതാമസ അധികാരം ലഭിക്കുന്നത്. 370ാം വകുപ്പ് റദ്ദാക്കിയതോടെ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും കശ്മീരിനകത്ത് ഭൂമി സ്വന്തമായി വാങ്ങാം.
കശ്മീരില്‍ 15 വര്‍ഷം സ്ഥിരമായി താമസിച്ച, അതല്ലെങ്കില്‍ കശ്മീരില്‍ ഏഴ് വര്‍ഷം തുടര്‍ച്ചായി പഠിക്കുകയും 10,12 ക്ലാസ് പരീക്ഷകള്‍ പാസാകുകയും ചെയ്തവര്‍ക്കാണ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. പത്ത് വര്‍ഷത്തോളം കശ്മീരില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കും. പുതുതായാണ് കശ്മീരില്‍ സ്ഥിരതാമസക്കാരായവര്‍ വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്കും സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നല്കാന് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: