കുമരകം: കുമരകം പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാസാമഗ്രികള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൈമാറി. കുമരകം സി എച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ആര്‍. രാജേഷിന് സുരക്ഷ സാമഗ്രികള്‍ അടങ്ങിയ കിറ്റ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ശ്രീജാ സുരേഷ് കൈമാറി. പിപിഇ കിറ്റുകള്‍, ഗ്ലൗസ്സ്, സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക് എന്നിവ അടങ്ങിയ കിറ്റാണ് നല്‍കിയത്.
പാലിയേറ്റീവ് കെയര്‍ യൂണീറ്റിന്റെ സംരക്ഷണയില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ കുമരകം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുമായി 165 പേരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച കിടപ്പു രോഗികളുടെ ലിസ്റ്റില്‍ നിന്നും കുമരകത്തെ ആശുപത്രിയില്‍ വാഹനത്തിലും മറ്റും എത്താന്‍ സാഹചര്യം ഉള്ളവര്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍പ്പെടെ 70 ഓളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ബാക്കിയുള്ള കിടപ്പു രോഗികള്‍ക്കാണ് വീടുകളില്‍ എത്തിയുള്ള വാക്‌സിന്‍ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചത്.
കുമരകത്തെ സിഎച്ച് സിയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കൊപ്പം പാലിയേറ്റീവിലെ ജീവനക്കാരും അതത് വാര്‍ഡിലെ ആശാപ്രവര്‍ത്തകരും ചേര്‍ന്നാണ് വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ക്കുള്ള സുരക്ഷാസാമഗ്രികളാണ് നല്‍കിയത്. കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ഷീമാ രാജേഷ്, ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോഷി ചീപ്പുങ്കല്‍, ജനറല്‍ സെക്രട്ടറി കെ.സി. മഹേഷ്, വിനോദ് വിദ്യാദരന്‍, വിമല്‍ എട്ടങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: