ചങ്ങനാശ്ശേരി: സന്ധ്യ കഴിഞ്ഞാല്‍ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് കുറിച്ചിക്കാര്‍ക്ക്. പരിസരപ്രദേശങ്ങളില്‍ എല്ലാം ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായതാണ് കാരണം.
മഴ ശക്തമായതോടെയാണ് കുറിച്ചി, കുഴിമറ്റം മേഖലകളില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകിയത്. വീടിന്റെ ഉമ്മറത്തും മുറ്റത്തും അടുക്കളയിലും മതിലിലും പൈപ്പിന് ചുവട്ടിലും കിണറ്റിന് കരയിലും കാര്‍ഷിക വിളകളിലും എല്ലാം ആഫ്രിക്കന്‍ ഒച്ചുകള്‍ നിറഞ്ഞിരിക്കുകയാണ്. പരിഹാരനടപടിള് ഇല്ലാതെ വന്നതോടെ ഒച്ചുശല്യം സഹിക്കാനാകാതെ നാട്ടുകാര്‍ ദുരിതത്തിലുമായി.
കുഴിമറ്റം മേഖലകളില്‍ ഒച്ചുശല്യം അതിരൂക്ഷമാണ്. മഴപെയ്താല്‍ ഇവ വീടുകളിലും മുറികളിലും പാത്രങ്ങളിലുമെല്ലാം വന്നിരിക്കുന്നത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉപ്പ് വിതറിയാണ് താല്‍ക്കാലികമായി ഒച്ചുകളെ തുരത്തുന്നത്. എന്നാല്‍ ഓരോദിവസവും ഒച്ചുശല്യം വര്‍ദ്ധിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡില്‍ വാഹനം കയറി ചത്തുകിടക്കുന്ന ഒച്ചുകളുടെ തോടുകൊണ്ട് കാല്‍നടയാത്രക്കാരുടെ കാല് മുറിയുന്നതിനും ഇടയാക്കുന്നു.
മുന്‍വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഈ വര്‍ഷമാണ് ഇത്തരത്തില്‍ വ്യാപകമായത്. ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഉപ്പ് വിതറാനാണ് നിര്‍ദേശിച്ചത്. മഴയുടെ തോതും അന്തരീക്ഷത്തിലെ ഈര്‍പ്പവുമാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കാന്‍ കാരണം. ഒച്ചുശല്യംമൂലം പ്രദേശത്തെ ഒട്ടേറെപ്പേരുടെ കാര്‍ഷികവിളകളായ വാഴ, തെങ്ങ് തുടങ്ങിയവ നശിച്ച നിലയിലാണ്. സന്ധ്യമയങ്ങിയാല്‍ ഒച്ച് പ്രദേശത്തെ പുരയിടങ്ങളിലും മതിലുകളിലും വീടിന്റെ ഭിത്തിയിലും ഒക്കെ നിറഞ്ഞു നില്ക്കും. കൃഷിയിടങ്ങളിലെ ഇലകള്‍ തിന്ന് നശിപ്പിക്കുന്നു.
ഉപ്പ് ഇട്ട് കൊല്ലുക എന്നത് അസാദ്ധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയെ നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും ശ്രദ്ധയും അധികൃതരില്‍ നിന്നും അടിയന്തരമായി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: