ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ പുതിയ എക്സൈസ് ഓഫീസ് കോംപ്ലക്സ് വരുന്നു. കാലപ്പഴക്കം ചെന്ന എക്‌സൈസ് ഓഫീസുള്‍പ്പെടെ പുതിയ കെട്ടിടത്തിലേക്ക് മാറും. ഏതുനിമിഷവും നിലംപതിക്കാവുന്ന കൂറ്റന്‍ തണല്‍മരങ്ങള്‍ക്കിടയിലാണ് ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഓഫീസുള്ളത്. നാളുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് പുതിയ കോംപ്ലക്സ് നിര്‍മ്മാണത്തിന് പിഡബ്ല്യുഡിയുടെ അനുമതിയായത്. മൂന്നു കോടി രൂപ വകയിരുത്തി മൂന്ന് നിലകളിലായി ആധുനിക രീതിയിലും വിപുലമായ സജ്ജീകരണങ്ങളോടെയുമാണ് പുതിയ എക്സൈസ് ഓഫീസ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്.
സ്വന്തമായി കെട്ടിടമുണ്ടെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടമാണ് ഉള്ളത്. പുതിയ കെട്ടിടം എത്തുന്നതോടെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് ഏറെ ആശ്വാസം. എക്സൈസ് ചരിത്രത്തില്‍ ആദ്യമായി നൂറുമയക്കുമരുന്നു കേസുകള്‍ കണ്ടുപിടിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ റേഞ്ച് ഓഫീസ് പദവി നേടിയ ഓഫീസുകൂടിയാണിത്. ജില്ലയിലെ വലിയ റേഞ്ച് ഓഫീസായ ചങ്ങനാശ്ശേരി എക്സൈസ് ഓഫീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവും റേഞ്ച് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.
പരിമിതി മൂലം തൊണ്ടി മുതലുകള്‍ ജയില്‍ മുറികളിലാണ് സൂക്ഷിക്കുന്നത്. ഇടുങ്ങിയ മുറികളില്‍ എല്ലാം ഫയലുകളും മറ്റ് സാധനസാമഗ്രികളും. കെട്ടിടത്തിനുള്ളിലും വരാന്തകളിലുമായാണ് തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നത്. ഓഫീസില്‍ പഴയ ബഞ്ചും മേശയുമാണ് ഫര്‍ണ്ണിച്ചറുകളായി ഉപയോഗിക്കുന്നത്. അഞ്ച് വനിത ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ ഉള്‍പ്പെടെ 32 ജീവനക്കാരാണ് ഉള്ളത്.
ചങ്ങനാശ്ശേരി എക്സൈസ് റേഞ്ചിന്റെ പരിധി മണിമല വരെയാണ്. ചങ്ങനാശ്ശേരി വാഴൂര്‍ മണിമല, എസി പാലം മുതല്‍ ഇടിഞ്ഞില്ലം വരെ, എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലം വരെ, കവിയൂര്‍ റോഡില്‍ മല്ലപ്പള്ളി ആഞ്ഞിലിത്താനം വരെ നീണ്ടു കിടക്കുന്ന വൈഡ് റേഞ്ചാണ് എക്സൈസ് പരിധിയില്‍ വരുന്നത്.
ഒരു നഗരസഭ, 11 പഞ്ചായത്തുകള്‍, 15 വില്ലേജ്, ഏഴ് പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള വലിയ പ്രദേശത്ത് നിലവിലെ അംഗബലം പോരെന്ന പരാതിയും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: