കോഴിക്കോട്: ജനറല്‍ നഴ്സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പിഎസ്സി. ഈ മാസം 14ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിനായുള്ള അപേക്ഷയിലാണ് ജനറല്‍ നഴ്സുമാരോട് വിവേചനം. എന്നാല്‍, ഉദ്യോഗാര്‍ഥികള്‍ പ്ലസ്ടുവോ, പ്രീഡിഗ്രിയോ, വിഎച്ച്എസ്ഇയോ സയന്‍സ് വിഷയങ്ങളില്‍ പാസ് ആയിരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ നഴ്സ് ഗ്രേഡ് സെക്കന്‍ഡ് നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍, ഇത് പ്രാബല്യത്തില്‍ വന്നതോടെ ജനറല്‍ നഴ്സിങ് പഠിച്ച ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവിയാണ് തകരുന്നത്.
പ്ലസ്ടുവിന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ് മിക്ക ജനറല്‍ നഴ്സിങ് ഉദ്യോഗാര്‍ഥികളും. എന്നാല്‍, കാലങ്ങളായി സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനത്തിന് ഇവരെ പരിഗണിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷവും ജനറല്‍ നഴ്സുമാരും പ്ലസ്ടുവിന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ചവരാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ താത്ക്കാലിക ജീവനക്കാരായി ഇവരെ ജോലിക്കായി നിയമിക്കാറുണ്ട്. ബിഎസ്സി നഴ്സിങ് പഠിക്കാന്‍ പോലും ഏതെങ്കിലും വിഷയത്തിലെ പ്ലസ്ടു മതിയെന്ന നിര്‍ദ്ദേശമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ മുന്നോട്ടുവച്ചത്.
കൗണ്‍സില്‍ പുറത്തിറക്കിയ ബിഎസ്സി നഴ്സിങ്ങിന്റെ പുതുക്കിയ സിലബസിലാണ് ഈ നിര്‍ദേശമുള്ളത്. എന്നാല്‍ പ്ലസ്ടുവിന് സയന്‍സ് ഇതര വിഷയങ്ങള്‍ പഠിച്ച ജനറല്‍ നഴ്സുമാരോടു മാത്രമാണ് പിഎസ്സിയുടെ വിവേചനം. കേരളത്തില്‍ 2007ന് മുന്‍പ് വരെ സ്റ്റാഫ് നഴ്സ് പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ പ്ലസ്ടു സയന്‍സ് നിര്‍ബന്ധമല്ലായിരുന്നു. പ്ലസ്ടു സയന്‍സ് പഠിക്കാത്ത നിരവധി പേര് 2007ന് മുന്‍പ് സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍വീസില്‍ കയറി നല്ല രീതിയില്‍ സേവനം കാഴ്ചവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: