തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം ബാങ്കിലെ ജീവനക്കാരും ബാങ്കിന് വേണ്ടപ്പെട്ടവരും ചേര്‍ന്ന് നടത്തിയ സാമ്പത്തിക തട്ടിപ്പ് 300 കോടിയുടേതെന്ന് പ്രാഥമിക കണ്ടെത്തല്‍. നേരത്തെ 100 കോടിയുടെ തട്ടിപ്പെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ സിപിഎമ്മിന്റെ 12 അംഗ ഭരണസമിതി പിരിച്ചുവിട്ടു. വിഷയത്തില്‍ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈടില്ലാതെ വായ്പ നല്‍കിയും ഒരു ഈടിന്മേല് ഒന്നിലധികം വായ്പ നല്‍കിയുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ബാങ്കിലെ ജീവനക്കാര്‍ക്ക് സാധാരണരീതിയില്‍ സഹകരണബാങ്കുകളില്‍ അംഗത്വം നല്‍കാറില്ല. പ്രത്യേക ഉത്തരവിലൂടെ ഇവര്‍ക്ക് തട്ടിപ്പ് നടത്താനായി സി ക്ലാസ് അംഗത്വം നല്‍കിയിരിക്കുകയാണ്.
ഗള്‍ഫില്‍ പ്രിന്റിങ് പ്രസില്‍ അധ്വാനിച്ച് കിട്ടിയ പണം കൊണ്ടാണ് സായ്ലക്ഷ്മി എന്ന വീട്ടമ്മ ഇരിങ്ങാലക്കുടക്കടത്ത് 13.45 സെന്റ് സ്ഥലം വാങ്ങിയത്. നാട്ടിലെത്തിയപ്പോഴാണ് കരുവന്നൂര്‍ സഹകരണബാങ്കിലെ കമ്മീഷന് ഏജന്റിന്റെ വലയില്‍ കുടുങ്ങിയത്. സ്ഥലത്തിന് 20 ലക്ഷം വായ്പ അനുവദിച്ച് തരാണെന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനം. ആദ്യം 10 ലക്ഷം വായ്പ അനുവദിച്ചതായി ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചപ്പോള്‍ എല്ലാ രേഖകളിലും ഒപ്പിട്ടുകൊടുത്തു. സ്ഥലത്തിന്റെ യഥാര്‍ത്ഥ പ്രമാണവും നല്കി. രണ്ടു ദിവസത്തിനകം പണം അക്കൗണ്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.
പിന്നീട് പലതവണ വായ്പ വാങ്ങാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു. എങ്കില്‍ തന്റെ പ്രമാണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സിപിഎം ഭരണസമിതിയിലെ ചില അംഗങ്ങളുടെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നത്. അവര്‍ പിന്നീട് സായ്ലക്ഷ്മിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രണ്ട് വര്‍ഷത്തിന് ശേഷം വീട്ടിലേക്ക് ജപ്തി നോട്ടീസ് എത്തിയപ്പോള്‍ സായ്ലക്ഷ്മി അമ്പരന്നു. അതില്‍ പറഞ്ഞിരിക്കുന്നത് സ്ഥലത്തിന്റെ പ്രമാണത്തിന്റെ പേരില്‍ മൂന്ന് കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ്.
പിന്നീട് അഭിഭാഷകരെ വെച്ച് കേസ് നടത്തി. അപ്പോഴാണ് സ്ഥലത്തിന്റെ പ്രമാണം വെച്ച് ആറ് പേര് 50 ലക്ഷം വീതം വായ്പയെടുത്ത കാര്യം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: