കോഴിക്കോട്: എട്ടുവര്‍ഷം മുമ്പ്, സിപിഎമ്മിനു വേണ്ടി, കൊലയാളിക്കൂട്ടം ദാരുണമായി കൊലപ്പെടുത്തിയ ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്, കൊലയ്ക്കുമുമ്പ് ഭീഷണിക്കത്തും കിട്ടിയിരുന്നു. ടിപിയുടെ മകനും ആര്‍എംപി സംസ്ഥാന സെക്രട്ടറിക്കും കിട്ടിയ ജീവാപായ ഭീഷണിക്കത്ത് അതുകൊണ്ടുതന്നെ നിസാരമായി കണ്ടുകൂടാ.
ടിപിയുടെ മകന് അഭിനന്ദിനും ആര്‍എംപി നേതാവ് എന്‍. വേണുവിനും കിട്ടിയ ഭീഷണിക്കത്തിലെ മുന്നറിയിപ്പു വാക്യങ്ങള്‍തന്നെ ഞെട്ടിക്കുന്നതാണ്. ഒരുമാസത്തിനിടെ നാലാമത്തെ പാര്‍ട്ടി നേതാവിനാണ് ഭീഷണി. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചെന്ന ഭീഷണിക്കത്താണ് അതില്‍ ആദ്യത്തേത്. ജൂണ്‍ 30 നായിരുന്നു അത്. 10 ദിവസത്തില്‍ നാടുവിട്ടു പോയില്ലെങ്കില്‍ ഭാര്യയേയും എംഎല്‍എയും വെട്ടിനുറുക്കുമെന്നായിരുന്നു ഭീഷണി. എംഎല്‍എ ഇപ്പോഴും ജീവിച്ചിരിക്കുന്നെങ്ങിലും ഭീഷണിയും നിലനില്ക്കുന്നു. ഭീഷണിപ്പെടുത്തിയ ആളെക്കുറിച്ച് വിവരമില്ല. പോലീസ് അന്വേഷിക്കുകയാണ്. ടിപി വധക്കേസിലെ പ്രതികളാകാമെന്നാണ് അനുമാനം.
സിപിഎം നേതാവും മന്ത്രിയുമായ കെ. രാധാകൃഷ്ണനെ ഫോണിലാണ് ഭീഷണിപ്പെടുത്തിയത്. പ്രതി തിരുവുനന്തപുരം കാച്ചാണി സ്വദേശി അജിത്തിനെ പിടികൂടി. ജൂലൈ 14 നായിരുന്നു ഭീഷണി. മന്ത്രിയായതിനാലാവാം പിറ്റേന്ന് പിടികൂടി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് വിദേശത്തുനിന്നുള്ള മലയാളിയുടെ വധ ഭീഷണിയായിരുന്നു, ജൂലൈ 16ന്. ഇതുവരെ ആരെന്നോ എവിടെനിന്നെന്നോ വിവരം കിട്ടിയിട്ടില്ല. മൂന്ന് പാര്‍ട്ടികളില്‍ പെട്ടവരെങ്കിലും മൂന്നും രാധാകൃഷ്ണന്മാരാണെന്ന പ്രത്യേകതയുണ്ട്. ക്രിമിനോളജിസ്റ്റുകള്‍ക്ക് ഈ ഭീഷണികള്ക്കുപിന്നില് പൊതു സ്വഭാവമൊക്കെ് കണ്ടെത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍ പോലീസ് അത്രകാര്യമായി ഈ ഭീഷണികളെ കാണുന്നില്ല.
2020 ഒക്ടോബറില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് വധ ഭീഷണി ഉണ്ടായി. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ പ്രാദേശിക സിപിഎം നേതാവിനു വേണ്ടി മുംബൈ ക്വട്ടേഷന്കൂട്ടം ഭീഷണിപ്പെടുത്തുകയായിരുന്നു. അന്വേഷണം നടത്തുന്നുവെന്ന് പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.
രണ്ടുദിവസം മുമ്പ്, കോഴിക്കോട്ടെ ബിസിനസ് പ്രമുഖര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് കിട്ടി. ഇത് അന്നുതന്നെ അന്വേഷിച്ച് വ്യാജ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് കുറ്റക്കാരെ അറസ്റ്റ് ചെയ്തു. അതിനു പിന്നാലെയാണ് ഓഞ്ചിയത്ത് ആര്‍എംപിയുടെ എംഎല്‍എയുടെ ഓഫീസില്‍ പുതിയ ഭീഷണിക്കത്ത് എത്തിയത്.
വ്യാപകമായി ഭീഷണിക്കത്തുകള്‍ അയച്ച്, അന്വേഷണത്തിനും നടപടിക്കും തക്ക ഗൗരവമില്ലാത്ത സ്ഥിതിവിശേഷം ഉണ്ടാക്കി, യഥാര്‍ഥ ഉദ്ദേശ്യം നടപ്പാക്കാനുള്ള പദ്ധതിയും ആവാമെന്ന് പോലീസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആശങ്ക പങ്കുവെക്കുന്നു. ഒപ്പം, പുതിയ ഓഞ്ചിയം ഭീഷണിക്കത്തിലെ പരാമര്‍ശവും അവരില്‍ ചിലര്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
”ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്.ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവര്‍ ചെയ്തതു പോലെയല്ല ഞങ്ങള്‍ ചെയ്യുക,” എന്ന വിശദീകരണം, ഗൗരവമുള്ള വെളിപ്പെടുത്തലുകള്കൂടിയാണ്. കത്തെഴുതിയവര്‍ക്ക് വ്യക്തമായ പദ്ധതിയുണ്ട്. അത് അപകടകരമാണ്. ഗൗരവമായി കാണണം, അവര്‍ വിശദീകരിക്കുന്നു.
എന്നാല്‍, വിരമിക്കും മുമ്പ് പോലീസ് മേധാവി വിശദീകരിച്ചപോലെ സംസ്ഥാനത്തെ ക്രമസമാധാനം ആകെ അപകടസ്ഥിതിയിലാണെന്നത് ആശങ്ക പലമടങ്ങ് കൂട്ടുകയാണ്. ആഴ്ചകള്‍ പിന്നിട്ട വിവിധ ഭീഷണിക്കേസുകളില്‍ ഭരണകക്ഷിനേതാവായ മന്ത്രിക്കെതിരേയുള്ള ഭീഷണിയില്‍ മാത്രമാണ് നടപടിയുണ്ടായത്. മറ്റ് കേസുകളില്‍ എതിര്‍പാര്‍ട്ടികളുടെ നേതാക്കള്‍ക്കാണ് ഭീഷണി, സംശയസ്ഥാനത്തുള്ളത് ഭരണപക്ഷച്ചായ്വുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: