ഇരിട്ടി: ഏതാനും വികസന വിരോധികളുടെ മര്ക്കടമുഷ്ടിക്കുമുന്നില് പരാജയപ്പെട്ട് പുന്നാട്-മീത്തലെ പുന്നാട് നിവാസികള്‍. വര്‍ഷങ്ങളായി തകര്‍ന്ന് കാല്‍നടയാത്രപോലും അസാധ്യമായി മാറിയ പുന്നാട്-മീത്തലെ പുന്നാട് റോഡ് നവീകരണം ഏതാനും ചില വ്യക്തികളുടെ പിടിവാശിമൂലം നിലച്ചതോടെ മേഖലയിലെ ജനങ്ങളുടെ യാത്രാമാര്‍ഗ്ഗം നരകപാതയായി മാറിയിരിക്കുകയാണ്.
രണ്ടുവര്‍ഷം മുന്‍പാണ് മൂന്നരക്കോടി രൂപ ചിലവില്‍ മൂന്ന് കിലോമീറ്ററോളം വരുന്ന റോഡ് വീതികൂട്ടി നവീകരിക്കല്‍ പ്രവര്‍ത്തി ആരംഭിച്ചത്. മീത്തലെ പുന്നാട് നിന്നും ആരംഭിച്ച റോഡ് നവീകരണം രണ്ടരക്കിലോമീറ്റര്‍ പിന്നിട്ട് പുന്നാട് ടൗണിന് സമീപമെത്തിയപ്പോള്‍ പ്രവര്‍ത്തി നിലക്കുകയായിരുന്നു. ഏതാനും ചില വ്യക്തികള്‍ റോഡ് വീതി കൂട്ടുന്നതിനായി തങ്ങളുടെ അധീനതയിലുള്ള ഭൂമി വിട്ടു കൊടുക്കാതിരുന്നതാണ് പ്രശ്നമുണ്ടാക്കിയത്. നിര്‍മ്മാണപ്രവര്‍ത്തി നടന്ന രണ്ടരക്കിലോമീറ്റര്‍ പ രിധിയിലുള്ള വ്യക്തികളെല്ലാം തങ്ങളുടെ ഭൂമി വിട്ടുനല്‍കി റോഡ് വികസനത്തോട് സഹകരിച്ചപ്പോള്‍ പുന്നാട് ടൗണിനു സമീപമുള്ള നാനൂറ് മീറ്ററോളം വരുന്ന പ്രദേശ ത്തെ പതിനഞ്ചോളം പേര് മുഖം തിരിഞ്ഞു നില്‍ക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. റോഡ് നിര്‍മ്മാണത്തില്‍ തടസ്സം നേരിട്ടതോടെ കരാറുകാരന് ബാക്കി ഭാഗം പൂര്ത്തീ കരിച്ച് പണി നിര്‍ത്തി പോവുകയും ചെയ്തു.
തുടര്‍ന്ന് എംഎല്‍എ സണ്ണി ജോസഫ്, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘം കോട തിയെ സമീപച്ചവരുമായി സംസാരിച്ചെങ്കിലും ഇതില്‍ നിന്നും പത്തോളം പേര് പിന്‍വാങ്ങി. ഇതിനിടയില്‍ എംഎല്‍എ അടക്കമുള്ളവര്‍ കരാറുകാരനുമായി സംസാരിക്കുകയും ബാക്കി പ്രവര്ത്തികൂടി ചെയ്തു തീര്‍ക്കാമെന്ന് സമ്മതിക്കുകയും ചെയ്തെങ്കിലും അഞ്ചോളം പേര് യാതൊരു വിട്ടുവീഴ്ചക്കുമില്ലാതെ മര്‍ക്കടമുഷ്ടിയുമായി തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
റോഡ് പ്രവര്‍ത്തിക്കായി റോഡിലെ ഈ നാനൂറ് മീറ്റര്‍ സ്ഥലത്തു പലയിടത്തും ടാറിങ് കിളച്ചിട്ടിരുന്നു. മഴശക്തമായതോടെ റോഡ് തോടായി മാറുകയും ഈ ചെളിയും ചെളിവെള്ളവും താണ്ടി ദുരിതയാത്ര നട ത്തുകയാണ് മേഖലയിലെ ജനങ്ങള്‍. ഇത് ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: