ഏതാനും ദിവസം മുന്‍പാണ് കൊല്ലം എഴുകോണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് വലിയ വാര്‍ത്തയായത്. ഇവിടെ നടന്നത് 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ്. സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനുള്‍പ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കി. ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ. അനില്‍കുമാര്‍, അക്കൗണ്ടന്റ് ബി. ബൈജു, അറ്റന്‍ഡര്‍ ടി.പി. സുജിത് എന്നിവരെയാണ് പുറത്താക്കിയത്. ഏരിയ സെക്രട്ടറി പി. തങ്കപ്പന്‍പിള്ളയുടെ മകനാണ് സുജിത്. അന്വേഷണ വിധേയമായി മാര്‍ച്ചില്‍ ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥിര നിക്ഷേപകര്‍ അറിയാതെ അവരുടെ നിക്ഷേപത്തുകയില്‍ നിന്ന് വായ്പ തട്ടിപ്പുള്‍പ്പെടെ നടത്തുകയായിരുന്നു.
കൊട്ടാരക്കര താമരക്കുടി സഹകരണബാങ്കില്‍ പത്ത് വര്‍ഷം മുമ്പ് സിപിഎം ഭരണസമിതി നടത്തിയത് വന്‍ അഴിമതിയാണ്. നിക്ഷേപകരായ നൂറിലധികം പേരുടെ പണം തട്ടിയെടുത്തത് തെളിവുകളോടെ പിടിക്കപ്പെട്ടു. എന്നാല്‍ ജീവനക്കാരെയും ചില ഭരണസമിതി അംഗങ്ങളെയും പഴിച്ച് കൈകഴുകുന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. നൂറ് കോടിയിലേറെ രൂപയുടെ വെട്ടിപ്പാണ് താമരക്കുടി സഹകരണ ബാങ്കിന്റെ മറവില്‍ സിപിഎം നേതാക്കള്‍ നടത്തിയത്.
നെടുവത്തൂരില്‍ സിപിഎം നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് കോടികളാണ്. സ്വജനപക്ഷപാതവും നിയമനങ്ങളിലെ അഴിമതിയും നെടുവത്തൂര്‍ സഹകരണബാങ്കില്‍ കൊടികുത്തി വാഴുകയായിരുന്നു.
പരവൂര്‍ ഭൂതക്കുളം സഹകരണബാങ്കില്‍ സിപിഎമ്മിന്റെ വിവേചനപരമായ നിലപാടില്‍ പ്രതിഷേധിച്ച് താല്കാലിക ജീവനക്കാരി ജീവനൊടുക്കി. നെടുങ്ങോലം ബാങ്കില്‍ സാമ്പത്തികതിരിമറി തന്റെ തലയില്‍ കെട്ടിവയ്ക്കുന്ന സിപിഎം നേതാക്കളുടെ നടപടിയില്‍ മനംനൊന്ത് സിപിഎം അനുഭാവി കൂടിയായ ജീവനക്കാരന് ജീവനൊടുക്കി.
അടാട്ട് ബാങ്കില്‍ ഈട് വെള്ളപേപ്പറിലെ കരാറും പുറമ്പോക്കിന്റെ വ്യാജ രേഖകളും
തൃശൂര്‍ അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ വായ്പ തട്ടിപ്പ്. തൃശൂര്‍ അത്താണിയിലെ ജില്ലാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന് (കാര്‍ത്തിക റൈസ്) രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ വായ്പ അടാട്ട് ബാങ്ക് നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. രണ്ടിടത്തും യുഡിഎഫ് ഭരണസമിതിയുള്ളപ്പോഴായിരുന്നു വായ്പാ തട്ടിപ്പ്.
2013 ആഗസ്റ്റില്‍ അനധികൃതമായി ആറരക്കോടി രൂപ വായ്പ അനുവദിച്ചു. വായ്പ പിന്നീട് 2016ല്‍ ഒമ്പതു കോടി രൂപയാക്കി പുതുക്കി നല്കി. പലിശയും മുതലുമടക്കം വായ്പാ സംഖ്യ 13 കോടി 83 ലക്ഷം രൂപയായിട്ടുണ്ട്. വന്‍തുക കിട്ടാക്കടമായതോടെ ബാങ്കിന്റെ നിലനില്‍പ്പും പ്രതിസന്ധിയിലായി.
രണ്ടാംഘട്ടത്തില്‍ അനധികൃതമായി കോടികളുടെ വായ്പ ബാങ്ക് നല്‍കിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ആറരക്കോടി രൂപ വായ്പ നല്‍കിയെന്ന ആദ്യ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെരിങ്ങണ്ടൂരും അവണൂരുമുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഈടായി നല്‍കിയാണ് രണ്ടാമത്തെ വായ്പാ തട്ടിപ്പെന്ന് വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും അടാട്ട് ബാങ്ക് ഭരണസമിതി നെല്ല് വാങ്ങി, അത്താണി നെല്ല് സംസ്കരണ വിപണന സഹകരണ സംഘത്തിന് നല്കി, അരിയാക്കി വിറ്റ് പണവും പലിശയും തിരിച്ചടയ്ക്കുമെന്ന വെള്ളപേപ്പറിലെ കരാറിലാണ് ബാങ്ക് കോടികള്‍ വായ്പ നല്‍കിയത്.
കരാര്‍ പ്രകാരം ബാങ്ക് നെല്ലെടുക്കുകയോ, സംഘത്തിന് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തി. രേഖകളില്ലാതെ 15 കോടി രൂപ അനധികൃതമായി വായ്പയെടുത്തെന്ന് ആരോപിച്ചുള്ള പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.
കരുവന്നൂരില്‍ കോടികളുടെ വെട്ടിപ്പ്
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പ് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. അഞ്ചു വര്‍ഷത്തിലേറെയായി ആസൂത്രിതമായി നടന്ന തട്ടിപ്പില്‍ നഷ്ടപ്പെട്ടത് നൂറു കോടിയിലേറെ രൂപയെന്നാണ് ആദ്യ കണ്ടെത്തല്‍. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ്. സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആസൂത്രിതമായി നടന്ന വായ്പാത്തട്ടിപ്പുകളില്‍ ഏറ്റവും വലുതാകും ഇത്.
ചെറിയ തുകയ്ക്ക് ആധാരം പണയപ്പെടുത്തി വായ്പയെടുത്തവരാണ് ഇവിടെ വഞ്ചിക്കപ്പെട്ടത്. ബാങ്ക് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് ഇവരുടെ ആധാരങ്ങള്‍ വീണ്ടും പണയപ്പെടുത്തി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു.
ഇരിങ്ങാലക്കുട സ്വദേശിനിയായ വീട്ടമ്മ ചെറിയ തുകയ്ക്ക് തന്റെ ആധാരം ബാങ്കില്‍ പണയം വെച്ചിരുന്നു. കൃത്യമായി തിരിച്ചടവും നടത്തിയിരുന്നു. ഇതിനിടെ ഇവര്‍ക്ക് മൂന്നു കോടി രൂപ അടയ്ക്കാനുണ്ടെന്നും ഉടന്‍ അടച്ചില്ലെങ്കില്‍ ജപ്തി നടപടിയുണ്ടാകുമെന്നുമുള്ള അറിയിപ്പ് ലഭിച്ചു. ഇതോടെ വീട്ടമ്മ പരാതി നല്കി. തുടര്‍ന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. ചെറുകിട കര്‍ഷകരും വ്യാപാരികളും തൊഴിലാളികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് ഇടപാടുകാരാണ് കബളിപ്പിക്കപ്പെട്ടത്.
കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റബ്കോക്ക് 50 കോടി രൂപ വായ്പയായി നല്‍കിയെന്ന് രേഖകളുണ്ട്. ഇത് ചട്ടവിരുദ്ധമാണ്. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളുടെ പേരിലും വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഡയറക്ടര്‍മാരുടെ പേരിലുള്ള റിസോര്‍ട്ടുകളുടെ ആധാരം പണയപ്പെടുത്തിയും കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്.
വായ്പാത്തട്ടിപ്പ് പുറത്തുവന്നതോടെ ബാങ്കിന് മുന്നില്‍ നിക്ഷേപകര്‍ തടിച്ച് കൂടിയെങ്കിലും ആര്‍ക്കും പണം മടക്കി നല്കാന് കഴിയുന്നില്ല. പതിനായിരം രൂപ മാത്രമാണ് ഓരോ നിക്ഷേപകനും കഴിഞ്ഞ ദിവസം നല്‍കിയത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണം കൈമാറിയിരിക്കുകയാണ് ഇപ്പോള്‍.
നിലവില്‍ ആറ് ജീവനക്കാര്‍ക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. ഭരണസമിതിയംഗങ്ങള്‍ക്കെതിരെ കേസെടുത്തിട്ടില്ല. പ്രാഥമിക കാര്‍ഷിക സഹകരണസംഘമെന്ന നിലയ്ക്ക് ഭരണസമിതി അറിയാതെ ഒരു വായ്പയും അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. എന്നിട്ടും സിപിഎം പ്രവര്‍ത്തകരായ ഭരണസമിതിയംഗങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും കൈക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: