അങ്ങാടിപ്പുറം : അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞു ഇമ്രാന് മുഹമ്മദ് യാത്രയായി. ഇമ്രാന്റെ ചികിത്സയ്ക്കുള്ള മരുന്നിന് 18 കോടിവിലമതിച്ചിരുന്നു. ഇതിനായി ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പണം സമാഹരിക്കവേയാണ് ഇതിനൊന്നും കാത്തു നില്‍ക്കാതെ ഇമ്രാന് വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്.
വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനായ ആറ്മാസം പ്രായമുള്ള ഇമ്രാന് ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. അണുബാധയെ തുടര്‍ന്നാണ് മരണം. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച് മൂന്നരമാസമായി ഇമ്രാന് കോഴിക്കോട് മെഡിക്കല്‍ കോളേജ് വെന്റിലേറ്ററിലായിരുന്നു.
പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള യാത്ര തുടങ്ങി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യേണ്ടതിനാല് ചികിത്സാസഹായനിധി രൂപവ്തകരിച്ച് ഫണ്ട് സമാഹരിച്ചു വരികകായിരുന്നു. ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലിരിക്കെയാണ് മരണം ഇമ്രാനെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: