ടോക്കിയോ: ലോക കായിക മാമാങ്കത്തിന് തിരിതെളിയുന്നത് ഇരുപത്തി മൂന്നിനാണെങ്കിലും രണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വനിതാ ഫുട്‌ബോളും സോഫ്റ്റ്‌ബോളുമാണ് ഇന്ന് ആരംഭിക്കുന്നത്. പുരുഷ ഫുട്‌ബോളിന് നാളെ തുടക്കമാകും. വനിതാ ഫുട്‌ബോളില്‍ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് ഇയില്‍ ജപ്പാന്‍, കാനഡ, ബ്രിട്ടണ്‍, ചിലി, ഗ്രൂപ്പ് എഫില്‍ ചൈന, ബ്രസീല്‍, സാംബിയ, നെതര്‍ലന്‍ഡ്‌സ്, ഗ്രൂപ്പ് ജിയില്‍ സ്വീഡന്‍, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകളുമാണ് സ്വര്‍ണത്തിനായി മാറ്റുരയ്‌ക്കുന്നത്.
മൂന്ന് ഗ്രൂപ്പുകളിലുമായി ആറ് മത്സരങ്ങള്‍ ഇന്ന് നടക്കും. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ബ്രിട്ടണ്‍ ചിലിയുമായി ഏറ്റുമുട്ടും. രണ്ടാം കളിയില്‍ 2012ലെ വെള്ളി മെഡല്‍ ജേതാക്കളായ ജപ്പാന് എതിരാളികള്‍ കാനഡയാണ്. ഗ്രൂപ്പ് എഫിലെ ആദ്യ കളിയില്‍ ചൈന ബ്രസീലുമായും രണ്ടാം കളിയില്‍ സാംബിയ നെതര്‍ലന്‍ഡ്‌സുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ നാല് തവണ സ്വര്‍ണം നേടിയ അമേരിക്കയ്‌ക്ക് എതിരാളികള്‍ സ്വീഡനാണ്. 1996, 2004, 2008, 2012 ഒളിമ്പിക്‌സിലാണ് അമേരിക്കയുടെ സ്വര്‍ണ നേട്ടം. എതിരാളികളായ സ്വീഡന്‍ നിലവിലെ വെള്ളി മെഡല്‍ ജേതാക്കളാണ്.
12 ടീമുകളില്‍ എട്ട് രാജ്യങ്ങള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരും ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് അവസാന എട്ടില്‍ എത്തുക. 30നാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ആഗസ്റ്റ് രണ്ടിന് സെമിഫൈനലും അഞ്ചിന് വെങ്കല മെഡല്‍ പോരാട്ടവും ആറിന് ഫൈനലും നടക്കും.
പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ നാളെയാണ് തുടങ്ങുക. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോ ഫ്രാന്‍സുമായും രണ്ടാം കളിയില്‍ ആതിഥേയരായ ജപ്പാന്‍ ദക്ഷിണാഫ്രിക്കയുമായും ഏറ്റുമുട്ടും. അന്നുതന്നെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഈജിപ്റ്റിന് സ്‌പെയിനും അര്‍ജന്റീനയ്‌ക്ക് ഓസ്‌ട്രേലിയയുമാണ് എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ ഐവറി കോസ്റ്റ് സൗദി അറേബ്യയുമായും ബ്രസീല്‍ ജര്‍മനിയുമായും നാളെ കളിക്കാനിറങ്ങും. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ബേസ്‌ബോളില്‍ ഇന്ന് ഓസ്‌ട്രേലിയ ജപ്പാനെയും ഇറ്റലി അമേരിക്കയെയും മെക്‌സിക്കോ കാനഡയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: