പ്രതീക്ഷിച്ചതുപോലെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനത്തിന്റെ തുടക്കം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയിരിക്കുകയാണ്. പുതുതായി മന്ത്രിമാരായവരെ സഭയ്ക്ക് പരിചയപ്പെടുത്താന്‍പോലും പ്രധാനമന്ത്രിയെ അനുവദിക്കാതെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മര്യാദകളെ കാറ്റില്‍പ്പറത്തുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്സ് എംപിമാരാണ് കഴിയാവുന്നത്ര ഒച്ചവച്ചും മോശമായി പെരുമാറിയും സഭയെ അലങ്കോലപ്പെടുത്താന്‍ നേതൃത്വം നല്‍കിയത്. സമാധാനാന്തരീക്ഷത്തില്‍ സഭ നടത്താന്‍ അനുവദിക്കണമെന്ന ഇരുസഭകളുടെയും അധ്യക്ഷന്മാരുടെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ പ്രധാനമന്ത്രിയെ ഇവര്‍ തടസ്സപ്പെടുത്തി. സാധ്യമായ വിധത്തിലെല്ലാം ജനക്ഷേമം ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ പുലഭ്യം പറഞ്ഞും നുണപ്രചാരണം നടത്തിയും സ്വയം നാണംകെടുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധികളാണ് തങ്ങളെന്ന്, വംശനാശം വന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ തെളിയിക്കുകയായിരുന്നു.
ആറുപതിറ്റാണ്ടുകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന്, രാജ്യം ഭരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് മറ്റു ചിലരെയാണെന്ന് അംഗീകരിക്കാന്‍ കഴിയുന്നില്ല. കുടുംബവാഴ്ചയുടെ രക്തമാണ് ആ പാര്‍ട്ടിയുടെ സിരകളിലോടുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരോടുള്ള അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരു ഒരവസരവും അവര്‍ പാഴാക്കുന്നുമില്ല. തെരഞ്ഞെടുപ്പ് തോല്‍വികള്‍ തുടര്‍ക്കഥകളായി പാര്‍ട്ടി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും അഹങ്കാരത്തിനും അസഹിഷ്ണുതയ്ക്കും യാതൊരു കുറവും വരാത്തത് അദ്ഭുതകരമാണ്. വംശാധിപത്യമാണ് ജനാധിപത്യമെന്ന് വിശ്വസിക്കുകയും, അത് പറയാന്‍ ലജ്ജയില്ലാതിരിക്കുകയും ചെയ്യുന്നവര്‍, നെഹ്റു കുടുംബത്തോടുള്ള വിധേയത്വമാണ് മന്ത്രിമാരും മറ്റുമാവാനുള്ള യോഗ്യതയായി കണക്കാക്കാറുള്ളത്. ജനാധിപത്യത്തെ അര്‍ത്ഥശൂന്യമാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഈ കുടുംബവാഴ്ചയുടെ നിറുകയിലാണ് ബിജെപിയും നരേന്ദ്രമോദിയും നിരന്തരം പ്രഹരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടുള്ള നിസ്സഹായ പ്രതികരണമാണ് പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ്സ് നടത്തുന്നത് . സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതാദ്യമായി ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കുമൊക്കെ കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത് സഹിക്കാനാവാത്തവര്‍ അമര്‍ഷം പ്രകടിപ്പിച്ച് തനിനിറം വെളിപ്പെടുത്തുകയാണ്. സാമൂഹ്യനീതിയുടെ മഹത്വം മനസ്സിലാക്കാത്തവര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല എന്നേ പറയാനുള്ളൂ.
ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയുമൊക്കെ ഫോണ്‍ ചോര്‍ത്തിയെന്ന കള്ളക്കഥ മെനഞ്ഞാണ് പാര്‍ലമെന്റ് സമ്മേളനം അലങ്കോലപ്പെടുത്തിയത്. സുപ്രീംകോടതി തന്നെ നേരത്തെ നിഷേധിച്ച ഈ ആരോപണം പൊടിതട്ടിയെടുത്തതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. കൊവിഡ് മഹാമാരിക്കിടയിലും ഭാരതം കൈവരിക്കുന്ന പുരോഗതിയെ തടസ്സപ്പെടുത്താനും, ആഗോളതലത്തില്‍ നേടിയിരിക്കുന്ന പ്രതിച്ഛായയെ കളങ്കപ്പെടുത്താനും ചില വൈദേശിക ശക്തികളും രാജ്യത്തിനകത്തെ ഛിദ്ര ശക്തികളും കൈകോര്‍ക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേ ദിവസം തന്നെ ഇങ്ങനെയൊരു വ്യാജ വാര്‍ത്ത പുറത്തുവിട്ടതിന്റെ ദുഷ്ടലാക്ക് വ്യക്തമാണല്ലോ. വൈദേശിക ശക്തികളുമായി കൈകോര്‍ത്ത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന പലരും ഇതിനോടകം പിടിയിലായിട്ടുണ്ട്. അവശേഷിക്കുന്നവരുടെ പിന്നാലെ വ്യവസ്ഥാപിതമായ അന്വേഷണ ഏജന്‍സികളുണ്ടാവും. ഇത് പുതിയ ഭാരതമാണ്. ഭരണഘടനയും നിയമവും അനുശാസിക്കുന്ന രീതിയില്‍ പെരുമാറിയില്ലെങ്കില്‍ പിടിക്കപ്പെടും. ഓരോ പാര്‍ലമെന്റ് സമ്മേളനവും നടത്തിക്കൊണ്ടുപോകാന്‍ കോടിക്കണക്കിനു നികുതിപ്പണമാണ് ചെലവഴിക്കുന്നത്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള അവസരമൊരുക്കാനാണിത്. അധികാരമോഹത്താല്‍ ഈ അവസരം തുലച്ചുകളയുന്നവരെ ജനം ഇനിയും ശിക്ഷിച്ചുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: