വാസ്തുവിദ്യ എന്ന് കേള്‍ക്കുമ്പോള്‍ സാമാന്യജനങ്ങളുടെ ഇടയില്‍ ഏറ്റവുമധികം ആശങ്കകള്‍ ഉണ്ടാക്കുന്ന ഒന്നാണ് മരണ ചുറ്റ് എന്ന സങ്കല്പം. വാസ്തു ശാസ്ത്രാനുസാരം നിര്‍മാണത്തില്‍ അളവുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ആ അളവുകളെ ഒരു പ്രത്യേകരീതിയില്‍ ക്രമപ്പെടുത്തി യോനി, ആയം വ്യയം, നക്ഷത്രം തിഥി, വാരം, കരണം, വയസ്സ്, പക്ഷാന്തരവ്യയം തുടങ്ങിയവകളുടെ ജ്യോതിശാസ്ത്ര പരമായ ഗണനകള്ക്കനുസരിച്ചു ശുഭാശുഭത്വകല്പനകള്ക്കനുസരിച്ച് ഓരോ കണക്കുകള്‍ക്കും ഉത്തമ മദ്ധ്യമഅധമ ഭേദങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവയാണ് യോനിയും വയസും.
ഏറ്റവും ചെറിയ ചുറ്റളവില്‍ നിന്നും തുടങ്ങി ഏറ്റവും വലിയ നിര്മിതികള്ക്കിണങ്ങും വിധമുള്ള ഗണിത സിദ്ധാന്തമാണ് വാസ്തുവിനുള്ളത്. ഈ ഓരോ അളവുകള്‍ക്കും ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്രമത്തില്‍ യോനികളും അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളും സിംഹം മുതല്‍ പുഴു വരെയുള്ള കരണങ്ങളും ഞായര്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളും ശുക്ലപക്ഷ പ്രഥമ മുതല്‍ അമാവാസി വരെയുള്ള തിഥികളും ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള ആയവും ഒന്ന് മുതല്‍ പതിമൂന്ന് വരെയുള്ള വ്യയവും ഓരോ പ്രത്യേക ഗണിത പ്രക്രിയയിലൂടെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കണക്കുകളുടെ ഈ സങ്കല്പം അനുസരിച്ചു ഓരോ നിര്‍മിതികളുടെയും യജമാനനു യോജിച്ച അളവുകള്‍ സ്വീകരിക്കുകയാണ് പതിവ്.
അത്തരത്തില്‍ പറയപ്പെട്ട ഒന്നാണ് വയസ്സ്. ആയം കൂടിയും വ്യയം കുറഞ്ഞതുമായ അളവുകള്‍ ഉത്തമങ്ങള്‍ എന്ന് പറയപ്പെട്ടതുപോലെ, നക്ഷത്ര തിഥി വാരങ്ങളുടെ ഉചിത സ്വീകരണം ജ്യോതിശാസ്ത്രം കൊണ്ടറിയണം എന്ന പോലെ വയസ്സ് പേര് കൊണ്ട് തന്നെ ഉത്തമ മധ്യമ അധമ ബോധം ജനിപ്പിക്കുന്നതിനായി ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം എന്നിങ്ങനെയുള്ള നാമങ്ങള്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ നാമകല്പനകള് അളവുകളില്‍ അനുവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.
ചുറ്റളവിനെ മൂന്ന് കൊണ്ട് ഗുണിച്ചു എട്ടില്‍ ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം, ധ്വജം തുടങ്ങിയ യോനികളാകുന്നു. അതെ മൂന്നില്‍ ഗുണിച്ച അളവിനെ പതിനാലില്‍ ഹരിച്ചാല്‍ വ്യയവും ചുറ്റളവിനെ എട്ടില്‍ ഗുണിച്ചു പന്ത്രണ്ടില്‍ ഹരിച്ചാല്‍ ആയവും ലഭിക്കും. എട്ടു കൊണ്ട് ഗുണിച്ച ചുറ്റളവിനെ ഇരുപത്തിയേഴുകൊണ്ട് ഹരിച്ചാല്‍ ഹരണശിഷ്ടം അശ്വതി തുടങ്ങിയ നാളുകളാകും. ഇരുപത്തി ഏഴിനു പകരം മുപ്പതെങ്കില് തിഥിയും ഏഴെങ്കില്‍ ദിനവുമാകുന്നു. നക്ഷത്ര ഗണനയില്‍ ലഭിക്കുന്ന ഹരണഫലം കൊണ്ടാണ് ആയുസ്സ് നിശ്ചയിക്കേണ്ടത്. അതായത് ചുറ്റളവിനെ എട്ടു കൊണ്ട് ഗുണിച്ചു ഇരുപത്തി ഏഴു കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലത്തെ അഞ്ചു കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് ഒന്നെങ്കില്‍ ബാല്യം പിന്നെ ക്രമത്തില്‍ കൗമാരം, യൗവനം, വാര്‍ദ്ധക്യം അഞ്ചെങ്കില്‍ മരണം എന്ന നാമത്തോട് കൂടിയതുമാകുന്നു.
വയസ്സുകളില്‍ കൗമാരവും യൗവനവും ഊര്‍ജ്വസ്വലവും, ഓജസ്സുള്ളതും ആയതിനാല്‍ ഉത്തമങ്ങളും, ബാല്യവും വാര്‍ദ്ധക്യവും മധ്യമങ്ങളും മരണം അധമവും വര്‍ജ്യവുമാകുന്നു. ആ അളവുകളില്‍ നിര്‍മിതികള്‍ സ്വീകാര്യമല്ല എന്നര്‍ത്ഥം. മരണചുറ്റ് വരുന്ന കണക്കുകള്‍ ഉചിതമല്ലെന്ന് സാമാന്യമായി എല്ലാ ഗ്രന്ഥങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ മരണമെന്ന അവസ്ഥയുമായി ഈ കണക്കിന് ബന്ധമില്ലെന്ന് മുന്‍പ് പറഞ്ഞ മറ്റു നാമാന്തരങ്ങളില് നിന്ന് വ്യക്തമാണല്ലോ.
പ്രാചീന ദേവാലയങ്ങളില്‍ ചിലയിടങ്ങളില്‍ മരണച്ചുറ്റ് കൊടുത്തു കണ്ടിട്ടുണ്ടെങ്കിലും മനുഷ്യാലയത്തില്‍ സാമാന്യമായി മരണച്ചുറ്റ് വര്‍ജ്യം തന്നെയാണ്. നക്ഷത്രാദി ശുഭഫലങ്ങള്‍ ഉണ്ടെന്നിരിക്കലും വിരുദ്ധ യോനിയോ അനുചിത വയസ്സോ ഉള്ള അളവുകള്‍ സ്വീകരിക്കരുത് എന്ന പ്രമാണം കൊണ്ട് ഇവകളുടെ പ്രാധാന്യം ബഹുത്ര സൂചിതങ്ങളാണ്.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: