ജീവിതത്തില്‍ പലപ്പോഴും കോപം പലരെയും അന്ധരും അക്രമാസക്തരുമാക്കുന്നു. കോപമില്ലാത്ത മനുഷ്യരില്ല. അത് അമിതമാകുമ്പോഴാണ് ആപത്തുകളുണ്ടാകുന്നത്. കോപമടക്കാനാവാത്തവര്‍ എന്തും ചെയ്തേക്കാം. ഒരു കുടുംബത്തില്‍ അമിത കോപമുള്ള ഒരാളുണ്ടെങ്കില്‍ അയാള്‍ മാത്രമല്ല, മറ്റുള്ളവരും അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരും. കലി എന്ന കാര്‍കൊണ്ടല്‍ പ്രസന്നമായ കുടുംബാന്തരീക്ഷത്തെ ഇരുണ്ടതാക്കുന്നു. രാമായണത്തില്‍ അധമമായ ഈ വികാരത്തെക്കുറിച്ച് വിസ്തരിച്ച് പറയുന്നുണ്ട്. കോപമുണ്ടാക്കിയേക്കാവുന്ന ആപത്തുകളെക്കുറിച്ച് അറിയാനും അതു നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും ഏറെ സഹായകമാണ് ആ വിവരണം.
ദശരഥന്‍, ശ്രീരാമന് വനവാസം വിധിച്ചതറിഞ്ഞ് കോപാക്രാന്ത്രനായ ലക്ഷ്മണനെ സാന്ത്വനിപ്പിക്കുമ്പോള്‍ ശ്രീരാമന്‍, കോപം വരുത്തിയേക്കാവുന്ന വിപത്തുകള്‍ വിവരിക്കുന്നു.
‘തത്ര കാമക്രോധലോഭമോഹാദികള്‍
ശത്രുക്കളാകുന്നതെന്നുമറിക നീ
മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും
ശക്തിയുള്ളോന്നതിന്‍ ക്രോധമറികെടോ’
കാമക്രോധലോഭമോഹമദമാത്സര്യങ്ങളാകുന്ന ശത്രുക്കളില്‍ ഏറ്റവും ശക്തിയുള്ളത് ക്രോധത്തിനാണ്. അതിന്റെ ഭീകരമായ ശക്തി നോക്കുക.
‘മാതാപിതൃഭാതൃമിത്രസഖികളെ
ക്രോധംനിമിത്തം ഹനിക്കുന്നിതു പുമാന്‍
ക്രോധമൂലം മനസ്താപമുണ്ടായ്വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജധര്‍മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം’
അറിവുള്ളവര്‍ ക്രോധം പരിത്യജിക്കണമെന്ന് രാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്നു. അമിത കോപമുള്ളവര്‍ക്ക് ദിവ്യൗഷധത്തിന്റെ ഫലം ചെയ്യുന്ന വരികളാണിവ. ലക്ഷ്മണന്‍, പരശുരാമന്‍ തുടങ്ങിയവര്‍ പോലും കോപത്താല്‍ മതിമറക്കണമെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ‘അതുകൊണ്ടരിശം തീരാഞ്ഞ് പുരയുടെ ചുറ്റും മണ്ടി നടക്കുന്ന’ വരെ ഇപ്പോഴും പലേടത്തും കാണാം. കോപിക്കുകയും പശ്ചാത്തപിക്കുകയും വീണ്ടുമത് തുടരുകയും ചെയ്ത് നിത്യയാതന അനുഭവിക്കുന്നവര്‍ ഏറെയുണ്ട്.
കോപിഷ്ഠരെ നേരിടേണ്ടി വരുന്നവര്‍ക്കുള്ള ആദ്യപാഠവും ലക്ഷ്മണ സാന്ത്വനത്തിലുണ്ട്. കോപം കൊണ്ട് മതിമറക്കുന്ന ലക്ഷ്മണനെ സൗമ്യമായ വാക്കുകളോടെയാണ് ശ്രീരാമന്‍ സമീപിക്കുന്നത്.
‘വത്സ! സൗമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍’
വാത്സല്യം തുളുമ്പുന്ന ഈ സംബോധന തന്നെ കോപം തണുപ്പിക്കുന്നതാണ്. കോപത്തെ കോപം കൊണ്ട് നേരിടാനാവുകയില്ല. അങ്ങേയറ്റം സൗമ്യരായി ഇടപെട്ടാലേ കോപിഷ്ഠരെ ശാന്തരാക്കാനാവൂ.
സീതാസ്വയംവരം കഴിഞ്ഞ് ദശരഥനും കുടുംബവും മടങ്ങുമ്പോള്‍, മാര്‍ഗമധ്യേ പരശുരാമന്‍ ക്രുദ്ധനായി വരുമ്പോള്‍ ശ്രീരാമന്‍ മുഗ്ധഭാവം പൂണ്ട് പറയുന്നു:
‘ചൊല്ലെഴും മഹാനുഭാവന്മാരാം
പ്രൗഢാത്മാക്കള്‍
വല്ലാതെ ബാലന്മാരോടിങ്ങനെ
തുടങ്ങിയാല്‍
ആശ്രയമെന്തോന്നവര്‍ക്കുള്ളതു
തപോനിധേ!’
ഇവിടെ തികച്ചും സൗമ്യമായ സമീപനമാണ് ശ്രീരാമന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
ഒരാള്‍ക്ക് അമിതമായ കോപമുണ്ടെങ്കില്‍ അത് അയാളുടെ മറ്റു ഗുണങ്ങളെയെല്ലാം നിഷ്പ്രഭങ്ങളാക്കും. ദൃഢനിശ്ചയത്തോടെയുള്ള പരിശീലനം കൊണ്ടേ കോപം നിയന്ത്രിക്കാനാവൂ. രാമായണത്തിലെ ഈ ഭാഗങ്ങളുടെ മനസ്സിരുത്തിയുള്ള പാരായണം ആ പരിശീലനത്തിന്റെ ഭാഗമാക്കിയാല്‍ ഫലം ഉണ്ടാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക