ന്യൂദല്‍ഹി: 2014-ല്‍ ആരംഭിച്ചതുമുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍കി ബാത്ത്’ 30.80 കോടി രൂപ വരുമാനം നേടിക്കൊടുത്തു. 2017-18 വര്‍ഷത്തിലായിരുന്നു ഏറ്റവുമധികം വരുമാനം(10.64 കോടി) ലഭിച്ചതെന്ന് തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. ദൂരദര്‍ശന്റെയും ഓള്‍ ഇന്ത്യ റേഡിയോയുടെയും വിവിധ ചാനലുകളിലൂടെ എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11നാണ് ‘മന്‍ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്നത്.
ഓള്‍ ഇന്ത്യ റേഡിയോ വഴിയും ദൂരദര്‍ശന്റെ ശൃംഖലയിലൂടെയും സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചും ഈ ദിവസം വരെ മന്‍ കി ബാത്തിന്റെ 78 എപ്പിസോഡുകള്‍ പ്രസാര്‍ ഭാരതി പ്രക്ഷേപണം ചെയ്തുവെന്ന് ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ കേബില്‍, ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലുള്ള 91 സ്വകാര്യ സാറ്റ്‌ലൈറ്റ് ടിവി ചാനലുകള്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നു.
2014-15 വര്‍ഷം 1.16 കോടി, 2015-16 ല്‍ 2.81 കോടി, 2016-17ല്‍ 5.14 കോടി, 2017-18 വര്‍ഷത്തില്‍ 10.64 കോടി രൂപ എന്നിങ്ങനെ വരുമാനം ലഭിച്ചു. 2018-19ല്‍ 7.47 കോടി, 2019-20ല്‍ 2.56 കോടി, 2020-21 കാലത്ത് 1.02 കോടിയും കിട്ടി. വലിയവിഭാഗം ജനങ്ങള്‍ പരിപാടിക്ക് ഫോളോവര്‍മാരായുണ്ടെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ(ബാര്‍ക്) കണക്കനുസരിച്ച് പരിപാടി കാണുന്നവരുടെ എണ്ണം ആറുകോടി മുതല്‍ 14.35 കോടി വരെയാണെന്ന് അനുരാഗ് താക്കൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: