കട്ടപ്പന: ഏലം, കുരുമുളക് വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് ഒരുകൂട്ടം ഏലം കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു. ഏലകൃഷി രംഗത്തെ ഗവേഷണത്തിനും സമഗ്ര സംഭാവനകള്‍ക്കുമായി പുരസ്‌കാരം ലഭിച്ച റെജി ഞള്ളാനി, സുനില്‍ വണ്ടന്‍മേട്, എം.എല്‍. ആഗസ്തി എന്നിവരുടെ നേതൃത്വത്തില്‍ ഏലം കര്‍ഷകര്‍ 29ന് സ്പൈസസ് ബോര്‍ഡ് പടിക്കല്‍ സത്യഗ്രഹ സമരം നടത്തും. ഏലയ്‌ക്കയുടെ വില 700 രൂപയിലേക്ക് കുറഞ്ഞതിന് പിന്നില്‍ സ്പൈസസ് ബോര്‍ഡും ലേല ഏജന്‍സികളുമാണെന്ന് ഇവര്‍ ആരോപിച്ചു.
1980-85 കാലഘട്ടങ്ങളില്‍ 600 മുതല്‍ 900 രൂപ വരെ കിലോഗ്രാമിന് വില ലഭിച്ചിരുന്നു. അന്ന് ഒരുലിറ്റര്‍ കീടനാശിനിക്ക് 45 രൂപയും ഒരുചാക്ക് വളത്തിന് 100 രൂപയും തൊഴിലാളികളുടെ വേതനം 12മുതല്‍ 18 രൂപവരെയുമായിരുന്നു. മൂന്നര പതിറ്റാണ്ടിനിപ്പുറവും ഏലയ്‌ക്ക വിലയില്‍ മാറ്റമില്ല. എന്നാല്‍ കീടനാശികളുടെയും മറ്റും വില പത്തിരട്ടിയിലധികം വര്‍ദ്ധിച്ചവെന്നും അവര്‍ പറഞ്ഞു.
സ്പൈസസ് ബോര്‍ഡ് നിലവില്‍ വന്നശേഷം കയറ്റുമതി കുത്തനെ കുറഞ്ഞു. ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാതെ ഇറക്കുമതി കൂടുതലായി നടത്തി കുത്തക വ്യാപാകരികളെ ബോര്‍ഡ് സഹായിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ലക്ഷങ്ങള്‍ വേതനം കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കയറിയിരിക്കാനുള്ള ഇടം മാത്രമാണ് ബോര്‍ഡ് ഓഫീസുകള്‍. കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത സ്പൈസസ് ബോര്‍ഡും ലേലം കേന്ദ്രങ്ങളും പിരിച്ചുവിടണം. ഉത്പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഏലയ്‌ക്കയ്‌ക്കും കുരുമുളകിനും തറവില നിശ്ചയിക്കണം.
ഏലയ്‌ക്കയ്‌ക്ക് 5000 രൂപ തറവിലയായി നിശ്ചയിക്കുക, കുരുമുളകിന്റെ ഇറക്കുമതി തടയുക, വളങ്ങളും കീടനാശിനികളും ന്യായവിലയ്‌ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ പെന്‍ഷന്‍ 56 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംഘാടക സമിതി ഭാരവാഹികളായി റെജി ഞള്ളാനി(ചെയര്‍മാന്‍), ഷിബു ആക്കാട്ടുമുണ്ടയില്‍(വൈസ് ചെയര്‍മാന്‍), സുനില്‍ വണ്ടന്‍മേട്(സെക്രട്ടറി), രാജേന്ദ്രന്‍ കമ്പംമെട്ട്(ജോയിന്റ് സെക്രട്ടറി), എം.എല്‍ ആഗസ്തി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: