തൃശൂര്‍: ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കി കുതിരാന്‍ തുരങ്കം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോള്‍ വീണ്ടും സുരക്ഷാ പ്രശ്നം ഉയരുന്നു. ആഗസ്റ്റില്‍ കുതിരാനിലെ തുരങ്കം തുറക്കാനിരിക്കെ സുരക്ഷ പോരെന്ന വെളിപ്പെടുത്തലുമായി ഇരട്ട തുരങ്കം നിര്‍മ്മിച്ച മുന്‍ കരാര്‍ കമ്പനി പ്രഗതി കണ്‍സ്ട്രക്ഷന്‍സ് രംഗത്ത്. ഇപ്പോള്‍ നടക്കുന്നത് മിനുക്കല്‍ നടപടികള്‍ മാത്രമാണ്. വെള്ളം ഒഴുകി പോകാന്‍ സംവിധാനമില്ലെന്നും മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനം കാര്യക്ഷമമല്ലെന്നുമാണ് കമ്പനിയുടെ വാദം.
തുരങ്കത്തിന് മുകളില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്നാണ് പ്രഗതി നല്കുന്ന മുന്നറിയിപ്പ്. തട്ടിക്കൂട്ട് പണികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. തുരങ്കത്തിന് പുറത്ത് ക്യാച്ച് വാട്ടര്‍ ഡ്രൈനേജ് സിസ്റ്റം നടപ്പാക്കണം. മുകളില്‍ നിന്നുള്ള മണ്ണ്, പാറ, മരങ്ങള്‍ എന്നിവ വീഴാന്‍ സാധ്യതയുണ്ട്. മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണം. നിലവില്‍ നിര്‍മ്മാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി.ശിവാനന്ദന് ആരോപിക്കുന്നു.
തുരങ്കം തുറന്നുകൊടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രഗതി കമ്പനിയുടെ വെളിപ്പെടുത്തല്‍. അടുത്തമാസം ഒന്നിന് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. തുരങ്കത്തിന്റെ നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ പ്രഗതിയെ നിര്‍മ്മാണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണം ഏറ്റെടുത്ത കെഎംസിയാണ് നിലവില്‍ തുരങ്കപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍ദ്ദേശം.തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
വടക്കുഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള റോഡ് വികസനപദ്ധതിയിലെ പ്രധാന നിര്‍മ്മാണമാണു കുതിരാനിലെ തുരങ്കം. കുതിരാനിലെ വീതികുറഞ്ഞ കയറ്റത്തിനു പകരം 945 മീറ്റര്‍ നീളത്തില്‍ മലതുരന്നാണ് ഇരട്ടത്തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നത്. പാലക്കാട് ഭാഗത്തെ ഇരുമ്പുപാലം മുതല്‍ തൃശൂര്‍ ഭാഗത്തെ വഴുക്കുംപാറ വരെയുള്ള ഒരു കിലോമീറ്ററില്‍ താഴെയുള്ള ദുരമാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം. ഓരോ 300 മീറ്ററിന് ഇടയിലും ഇരു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്. തുരങ്കത്തിന് അകത്ത് അപകടങ്ങളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായലും ഗതാഗതം തടസപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം സജ്ജമാക്കിയിട്ടുള്ളത്.
ആശങ്കകള്‍ പരിഹരിക്കും: മന്ത്രി കെ.രാജന്
കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും തുരങ്കത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ.രാജന്. തുരങ്കം തുറക്കുന്നതിന് മുമ്പ് ദേശീയപാത അതോറിറ്റി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും.
സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ച് മാത്രമേ കുതിരാന്‍ തുരങ്കം തുറന്നു നല്‍കുകയുള്ളൂ. തുരങ്കത്തിന് മുകളില്‍ നില്ക്കുന്ന വന്മരങ്ങള് മുറിച്ചു മാറ്റും. ഫയര്‍ ആന്റ് റെസ്ക്യൂ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തുരങ്കത്തില്‍ ഉറപ്പുവരുത്തും. ഒരു തുരങ്കം തുറന്ന് കൊടുത്തതു കൊണ്ട് മാത്രം ടോള്‍പിരിവ് നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സുരക്ഷയെ കുറിച്ച് പറയേണ്ടത് ജിയോളജി വകുപ്പ്: ഫയര്‍ഫോഴ്സ്
തൃശൂര്‍: തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടത് തങ്ങളല്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍. സുരക്ഷയുമായി ബന്ധപ്പെട്ട് പരിശോധ നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടത് മൈനിങ് ആന്റ് ജിയോളജി വകുപ്പാണ്. തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുള്ള അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് ട്രയല്‍ റണ്‍ നടത്തി ഫയര്‍ഫോഴ്സ് ഉറപ്പു വരുത്തുത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളില്‍ തീപിടുത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്നാണ് ഫയര്‍ഫോഴ്സ് പരിശോധിച്ചത്.
തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാസേന നല്‍കേണ്ടത് ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് മാത്രമാണ്. ഇതിന്റെ ഭാഗമായാണ് തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുള്ള അഗ്നിരക്ഷാസുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയത്. ട്രയല്‍ റണ്ണില്‍ പോരായ്മയായി നിര്‍ദ്ദേശിച്ച സംവിധാനങ്ങള്‍ കൂടി സ്ഥാപിച്ചാല്‍ അന്തിമപരിശോധന നടത്തിയതിന് ശേഷമേ ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.
-കെ.യു വിജയകൃഷ്ണന് (തൃശൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: