ഓയൂര്‍: രാമകഥയുടെ പുണ്യവുമായി കര്‍ക്കിടക മാസം പിറന്നു. ഓയൂര്‍ വെളിനല്ലൂര്‍ ശ്രീരാമ സ്വാമീക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വരവുതുടങ്ങി. കൊവിഡിന്റെ ദുരിതങ്ങള്‍ക്കിടയിലും ഭഗവത് സന്നിധിയില്‍ മോക്ഷംതേടിയെത്തുകയാണ് ഭക്തര്‍.
ഇത്തിക്കരയാറിന്റെ തീരത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീരാമ ക്ഷേത്രം രാമായണ മാസത്തിന്റെ നിറവിലാണ്. മൂന്നുവശവും ഇത്തിക്കരയാറിന്റെ സാമീപ്യമുള്ള ക്ഷേത്രത്തിന് പ്രകൃതിയൊരുക്കിയ സൗന്ദര്യമാണ്.
ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ സ്ഥലമാണ് ഇവിടമെന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പുരാതന ക്ഷേത്രമാണ് വെളിനല്ലൂരിലേത്. ചെമ്പുമേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്ഠ കിഴക്കോട്ട് ദര്‍ശനത്തിലുള്ള ശ്രീരാമനാണ്. ക്ഷേത്രത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനവുമായി ലക്ഷ്മണനുമുണ്ട്. ക്ഷേത്രത്തിന് മാത്രമല്ല, സമീപ ദേശങ്ങള്‍ക്കും രാമകഥയുമായി ബന്ധമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ആചാരക്രമങ്ങള്‍ക്കും ഭക്തജന തിരക്കിനും നിയന്ത്രണങ്ങളുണ്ടെങ്കിലും രാമായണ മാസത്തില്‍ വെളിനല്ലൂര്‍ ക്ഷേത്രത്തിന്റെ ചൈതന്യത്തിന് മാറ്റ് കൂടിയിട്ടേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: