ന്യൂദല്‍ഹി: ടെക്സറ്റൈല്‍ മന്ത്രാലയത്തില്‍ പുതിയ സാങ്കേതികവിദ്യാ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് പീയൂഷ് ഗോയല്‍ പുതിയ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തുണിമില്ലുകളുടെ ഭൂമികയ്യേറ്റങ്ങള്‍ ഫലപ്രദമായി കണ്ടെത്താന്‍ പുതിയ ഡ്രോണ്‍ ടെക്നോളജി ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ വിലയിരുത്തല്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് അഞ്ച് മില്ലുകളുടെ ഭൂമി സര്‍വ്വേ ചെയ്തത് വന്‍ വിജയമായി.
‘നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ മില്ലുകള്‍ നില്ക്കുന്ന പ്രദേശങ്ങളില്‍ അടിക്കടി ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വ്വേകള്‍ നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ഭൂമി കയ്യേറുന്നത് ഫലപ്രദമായി കണ്ടുപിടിച്ച് തടയാനാണിത്. ഇത്തരം ഡ്രോണ്‍ നിരീക്ഷണം വഴി തുടക്കത്തില്‍ തന്നെ ഭൂമികയ്യേറ്റങ്ങള്‍ കണ്ടെത്തി തടയാനാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിസി മില്ലുകളുടെ ഭൂസ്വത്ത് ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ അവരെ ഒഴിവാക്കാന്‍ എളുപ്പമാണ്.’- കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
‘സിസിടിവികള്‍ വഴിയും ആളുകള്‍ നേരിട്ട് പരിശോധിച്ചും നടത്തുന്ന പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെയുള്ള ഭൂസര്വ്വേകളില് റിസ്കുണ്ട്. മാത്രമല്ല സിസിടിവികള്‍ മോഷ്ടിക്കപ്പെടാനോ പ്രവര്‍ത്തനം ഏതെങ്കിലും തരത്തില്‍ തകരാറിലാകാനോ ഉള്ള സാധ്യതയുണ്ട്. ആളുകള്‍ നേരിട്ട് ഭൂസര്‍വ്വേ നടത്താന്‍ ചെന്നാല്‍ പൊലീസ് സംരക്ഷണമില്ലെങ്കില്‍ ഭൂമികയ്യേറ്റക്കാരുമായി ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. എന്നാല്‍ ഡ്രോണ്‍ വഴിയുള്ള സര്‍വ്വേകള്‍ എളുപ്പവും ചെലവില്ലാത്തതുമാണ്. ഇതുവഴി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മില്ലുകളുടെ സ്വന്തം ഭൂമിയുടെ സര്‍വ്വേയും മാപ്പിങ്ങും എളുപ്പം നടത്താനാവും. സമയവും ലാഭിക്കാം,’ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
‘ഡ്രോണ്‍ വഴിയുള്ള ഭൂസര്വ്വേയില് സമയലാഭം ഏറെയാണ്. സാധാരണ സര്‍വ്വേയില്‍ ഉപകരണങ്ങളുമായി ആളുകള്‍ ഒരു ലൊക്കേഷനില്‍ നിന്നും അടുത്ത ലൊക്കേഷനിലേക്ക് പോകാന്‍ സമയമെടുക്കും. എന്നാല്‍ ഡ്രൊണുകള്‍ വഴിയാകുമ്പോള്‍ ചെലവുകുറഞ്ഞരീതിയില്‍, പെട്ടെന്ന്, കൃത്യതയോടെ സര്‍വ്വേ നടത്താം,’ മന്ത്രി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിസി മില്ലുകള്‍ക്ക് വേണ്ടി ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണമെന്ന നിലയില്‍ ഭൂസര്‍വ്വേ നടത്തി. തെക്കന്‍ പ്രദേശത്തുള്ള സോമസുന്ദരം മില്‍സ്, കാളീശ്വര മില്‍സ് എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട ജെഎഎം മില്‍സ്, ഫിന്‍ലെ മില്‍സ്, ദിഗ്വിജയ് മില്‍സ് എന്നിവിടങ്ങളിലും ഭൂസര്‍വ്വേ നടത്തി. കയ്യേറ്റം നടന്നിട്ടുണ്ടോ എന്നറിയാന്‍ എന്‍ടിസിയുടെ കൈവശമുള്ള പഴയ ഭൂമാപ്പുമായി താരതമ്യം ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വ്വേകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് എന്‍ടിടി ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: