പള്ളുരുത്തി: ലോക്ഡൗണ്‍ പ്രതിസന്ധിയിലും കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് നിരവധി തവണ കൂടിയും കുറഞ്ഞു നിന്ന ഇറച്ചിക്കോഴി വില കൊച്ചിയില്‍ കിലോഗ്രാമിന് 161ല്‍ എത്തി. പലയിടങ്ങളിലും വ്യത്യസ്തമായ രീതിയില്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും 160 ല്‍ നിന്നും താഴേക്ക് പോയില്ല. ശനി, ഞായര്‍ ദിനങ്ങളിലും ആഘോഷവേളകളിലുമാണ് കോഴി വില വര്‍ദ്ധിക്കുന്നത്. ഇതിനു പിന്നില്‍ പ്രത്യേക ലോബികളുടെ ഇടപെടലാണെന്നും ആക്ഷേപമുണ്ട്. രണ്ടാം കൊവിഡ് വ്യാപന സമയത്ത് 65-70 രൂപയ്ക്ക് വരെ ഇറച്ചിക്കോഴിയുടെ ചില്ലറ വില്‍പ്പന നടന്നിരുന്നു. മീറ്റ് റേറ്റ് 250 രൂപ വരെ ഇന്നലെ ഉയര്‍ന്ന് ഇറച്ചിക്കോഴി വില റെക്കോഡിലെത്തി.
സാധാരണക്കാരന്റെ അവധി ദിവസങ്ങളിലെ ഇഷ്ടവിഭവമായി ഇറച്ചിക്കോഴി മാറിക്കഴിഞ്ഞു. പെട്ടെന്നുണ്ടായ വിലവര്‍ദ്ധനവു മൂലം ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ അകന്നു നിന്നു. ഇത് ചെറുകിട വില്പനശാല കള്‍ക്ക് തിരിച്ചടിയായി. കോഴിയെ ക്ലീന്‍ ചെയ്ത് നല്കുന്ന ചാര്‍ജ് കൂടി ചെറുകിട വില്‍പ്പനശാലകള്‍ വാങ്ങാറുണ്ടെങ്കിലും വിലകൂടിയ സാഹചര്യത്തില്‍ പലരും ക്ലീനിങ്ങ് ചാര്‍ജ്ജ് ഒഴിവാക്കി നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഞായറാഴ്ച ദിവസം പതിവു വില്‍പ്പനയുടെ മൂന്നില്‍ ഒന്നു കച്ചവടം പോലും നടന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വില വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിന് അപ്പുറമായതാണ് കാരണം.
കോഴി വില വര്‍ദ്ധനവ് കുറയാതെ നില്‍ക്കുന്നത് പെരുന്നാള്‍ വിപണി ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തല്‍. എത്രവില വര്‍ദ്ധിച്ചാലും പെരുന്നാളിന് ഇറച്ചിക്കോഴി വിപണനത്തിന് കുറവൊന്നും ഉണ്ടാക്കില്ലെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
ഇറച്ചിക്കോഴി വിലവര്‍ധനവിന് പിന്നില്‍ തമിഴ്നാട് ലോബിയെന്ന് ആരോപണം. തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇറച്ചിക്കോഴികള്‍ കേരളത്തില്‍ വിപണനത്തിനായി എത്തുന്നത്. സാഹചര്യം മാറുന്നത് അനുസരിച്ച് വിലയില്‍ മാറ്റം വരുത്തുന്നത് ഇത്തരം ലോബികളുടെ ഇടപെടലാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
സര്‍ക്കാര്‍ ഇടപെടണം: കാറ്ററേഴ്സ് അസോസിയേഷന്
ഇറച്ചിക്കോഴി വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് കൊച്ചി മേഖലാ കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തി വില കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും സോസിയേഷന് പ്രസിഡന്റ് ഹൂബര്‍ട്ട് ഡിസൂസ്, ഭാരവാഹികളായ ഫ്രഡി അല്‍മേട, ആന്സന് റൊസാരിയോ, ജബ്ബാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: