ടോക്കിയോ: ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ അത്‌ലറ്റുകളാണ്. ഇതാദ്യമായാണ് ഒളിമ്പിക് വില്ലേജില്‍ അത്‌ലറ്റുകള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. നേരത്തെ സ്റ്റാഫ് അംഗങ്ങള്‍ക്ക് വൈറസ് ബാധയുണ്ടായെങ്കിലും താരങ്ങളിലേക്ക് ബാധിച്ചിരുന്നില്ല. ഇതോടെ ഒളിമ്പിക് വില്ലേജില്‍ വൈറസ് ബാധിതരുടെ എണ്ണം 55 ആയി.
വൈറസ് ബാധിച്ച അത്‌ലറ്റുകളില്‍ രണ്ട് പേര്‍ നിലവില്‍ ഒളിമ്പിക് വില്ലേജില്‍ തങ്ങുകയാണ്. ഒരാള്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള ഹോട്ടലില്‍ ക്വാറന്റൈനിലാണ്. വൈറസ് ബാധിച്ച അത്‌ലറ്റുകളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒളിമ്പിക് വില്ലേജില്‍ തുടരുന്ന രണ്ട് പേരെ ക്വാറന്റൈന്‍ ഭാഗമായി പുറത്തേക്ക് മാറ്റുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായത്. ഒളിമ്പിക് വില്ലേജിന് പുറത്ത് ടോക്യോ നഗരത്തിലും വൈറസ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലധികം കേസുകളാണ് പ്രതിദിനം സ്ഥിരീകരിച്ചത്.
അത്‌ലറ്റുകള്‍ക്ക് പുറമെ ഇന്നലെ കൊറോണ ബാധിച്ചവരില്‍ അഞ്ച് പേര്‍ ഒളിമ്പിക് മത്സരങ്ങളുമായി ബന്ധമുള്ളവരാണ്. ഒരു മാധ്യമപ്രവര്‍ത്തകനും വൈറസ് ബാധയുണ്ട്. ഒളിമ്പിക്‌സിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കൊറോണ കണക്ക് ഇനിയും ഉയര്‍ന്നാല്‍ അധികൃതര്‍ക്ക് തലവേദനയാകും. കൊറോണയുടെ മൂന്നാം വരവിന് ഒളിമ്പിക്‌സ് കാരമാകുമെന്നും ജപ്പാന്‍ രൂക്ഷമായ സാഹചര്യത്തിലേക്ക് പോകുമെന്നും നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. ടോക്യോയില്‍ പ്രതിഷേധം ഇന്നും ശക്തമാണ്. ഇന്ത്യ അടക്കമുള്ള ഭൂരിഭാഗം രാജ്യങ്ങളും ഒളിമ്പിക് വില്ലേജില്‍ എത്തിയിട്ടുണ്ട്. കനത്ത നിയന്ത്രണങ്ങള്‍ക്കിടെയാണ് ടീമുകള്‍ യാത്ര ചെയ്യുന്നത്. കൊറോണ താരങ്ങളിലേക്ക് വ്യാപിച്ചാല്‍ ഒളിമ്പിക്‌സ് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: