ന്യൂദല്‍ഹി: രാജ്യത്ത് ഉടന്‍ തന്നെ ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തദ്ദേശീയമായാണ് ഇവ വികസിപ്പിക്കുക. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും മറ്റ് ഏജന്‍സികളും ഇതിനുള്ള തയാറെടുപ്പിലാണെന്നും 2022ഓടെ രാജ്യതിര്ത്തിയിലുള്ള എല്ലാ വിടവുകളും അടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി സുരക്ഷാ സേനയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകളുടെ സാന്നിധ്യം കൂടുതലാവുകയും ജൂണ്‍ 27ന് ഇവിടത്തെ വിമാനത്താവളത്തിലെ വ്യോമസേനകേന്ദ്രത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി. ഡ്രോണുകളും ടണലുകളും ഉപയോഗിച്ചുള്ള ലഹരിവസ്തുക്കള്‍, ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ വിതരണം വലിയ വെല്ലുവിളിയുയര്‍ത്തുകയാണ്. എത്രയും നേരത്തെ ഈ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. രാജ്യത്ത് തന്നെ വികസിപ്പിച്ചെടുക്കുന്ന ആന്റി ഡ്രോണ്‍ സംവിധാനം എത്രയും പെട്ടെന്ന് അതിര്‍ത്തികളില്‍ പ്രായോഗികമാക്കാന്‍ കഴിയുമെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്, ഷാ പറഞ്ഞു.
രാജ്യത്തെ ഭീഷണികളില്‍ നിന്ന് രക്ഷിക്കാന്‍ കൃത്രിമ നിര്‍മിത ബുദ്ധി, റോബോട്ടിക്സ് എന്നീ സാങ്കേതിക വിദ്യകളുപയോഗിച്ച് വിദഗ്ധരുടെ സഹായത്തോടെ പുതിയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നത് അതിര്‍ത്തി സുരക്ഷാ സേനയുടെ ഉത്തരവാദിത്തമാണ്. പാക്കിസ്ഥാന്, ചൈന, ബംഗ്ലാദേശ്, മ്യാന്മര്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളുമായി 15,000ത്തിലധികം കിലോമീറ്റര്‍ ദൂരത്തില്‍ ഇന്ത്യ അതിര്‍ത്തി പങ്കിടുന്നുണ്ട്.
3,323 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 2,069 കിലോമീറ്റര്‍ കെട്ടിയടയ്ക്കാനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. ഇതില്‍ 2,021 കിലോമീറ്ററോളം പൂര്‍ത്തിയായി.4,096 കിലോമീറ്റര്‍ വരുന്ന ബംഗ്ലാദേശ് അതിര്‍ത്തി മേഖലയില്‍ 3,063.24 കിലോമീറ്ററും കെട്ടിയടച്ചു. അതിര്‍ത്തിയുടെ 97 ശതമാനവും കെട്ടിയടച്ചിട്ടുണ്ട്. ബാക്കിയുള്ളത് മൂന്ന് ശതമാനമാണ്. ഇതാണ് നുഴഞ്ഞുകയറ്റക്കാര്‍ അവസരമാക്കുന്നത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലകൊള്ളുന്നത്. അതിര്‍ത്തിയില്‍ വിടവുകളുണ്ടായാല് ആ പ്രയത്നത്തിന് ഒരു ഫലവുമുണ്ടാകില്ല.
അതുകൊണ്ട് നിങ്ങള്‍ക്കുറപ്പ് തരികയാണ് അടുത്ത വര്‍ഷത്തോടെ എല്ലാ വിടവുകളും കെട്ടിയടയ്ക്കപ്പെടും, അമിത് ഷാ വ്യക്തമാക്കി.ചില തടസങ്ങള്‍ മൂലമാണ് അതിര്‍ത്തി കെട്ടിയടയ്ക്കുന്നതില് താമസം നേരിടുന്നത്. ചര്‍ച്ചകളിലൂടെ അതെല്ലാം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്, അമിത് ഷാ പറഞ്ഞു. ഭീകരരുടെയും കള്ളക്കടത്തുകാരുടെയും ടണലുകള്‍ കണ്ടെത്തിയതിന് അതിര്‍ത്തി സുരക്ഷാസേനയെയും കുടിയേറ്റം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അതിര്‍ത്തികളില്‍ നിയോഗിച്ചിരിക്കുന്ന അര്‍ധസൈനികരെയും അമിത് ഷാ അഭിനന്ദിച്ചു. രഹസ്യാന്വേഷണ വിഭാഗം തലവന്‍ അരവിന്ദ് കുമാര്‍, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് തലവന്‍ സാമന്ത് ഗോയല്‍, അതിര്‍ത്തി സുരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന, കേന്ദ്ര പോലീസ് സേനകളുടെ തലവന്മാര് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: