റിയാദ്: സൗദി അറേബ്യയില്‍ ഇനി മുതല്‍ പ്രാര്‍ത്ഥന സമയങ്ങളില്‍ കടകള്‍ അടയ്ക്കില്ല. പ്രാര്‍ത്ഥന സമയങ്ങളില്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാമെന്ന് ഫെഡറേഷന് ഓഫ് സൗദി ചേമ്പേഴ്സ് ആണ് സര്‍ക്കുലറിലൂടെ വ്യക്തമാക്കിയത്. നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രാര്‍ഥന സമയങ്ങളില്‍ പൂര്‍ണ്ണമായും അടച്ചിടുന്നതാണ് രീതി. സൗദി അറേബ്യയെ സംബന്ധിച്ച് ചരിത്രപരമായ നടപടിയാണിത്.
പ്രാര്‍ത്ഥന സമയങ്ങളില്‍ അടച്ചിരിക്കുമ്പോള്‍ കടകള്‍ക്കടുത്തുള്ള തിരക്ക് ഒഴിവാക്കുകയും കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ഫെഡറേഷന് പ്രസ്താവനയില്‍ പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം.
വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചാലും പ്രാര്‍ത്ഥന നടത്തുന്നതിന് തൊഴിലാളികള്‍ക്കും കടയുടമയ്ക്കും ഉപഭോക്താക്കള്‍ക്കും തടസ്സമാകാത്ത വിധത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും ഉചിതമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: