കുവൈത്ത്: ആറുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ഇടപെട്ട് പരിഹാരം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു മംഗലാപുരം സ്വദേശികളായ ഇന്ത്യന്‍ ദമ്പതിമാരുടെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. വിഷയത്തില്‍ മന്ത്രി ഇടപെടുകയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയും നിമിഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേയ്ക്കുളള വിമാനത്തിലേയ്ക്ക് കയറാന്‍ അനുവദിക്കുകയും ചെയ്തു.
ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. കുവൈത്തില്‍ സ്ഥിര താമസമാക്കിയ മംഗലാപുരം സ്വദേശി അതിഥി സുരേഷ് കരോപാഡിയാണ് ആറുമാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമായി മംഗലാപുരത്തേയ്ക്കുള്ള വിമാനം കയറാനായി എത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ ആവശ്യപ്പെടുന്നത്. എയര്‍ ഇന്ത്യ അധികൃതരും കുവൈത്തിലെ ട്രാവല്‍ ഏജന്‍സിയും കുഞ്ഞിന് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലായെന്ന് തന്നെ അറിയിച്ചിരുന്നതായി അതിഥി വ്യക്തമാക്കി. എന്നാല്‍ വിമാനക്കമ്പനി അധികൃതര്‍ വിസമ്മദിക്കുകയും യാത്ര ചെയ്യാന്‍ കഴിയില്ലായെന്ന് അറിയിക്കുകയുമായിരുന്നു.
വിഷയത്തില്‍ കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെയുടെ ഓഫീസ് ബന്ധപ്പെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുകയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയുമായിരുന്നു. 4.30 ഓടെ ആശയക്കുഴപ്പം പരിഹരിച്ച് യുവതിയ്ക്ക് കുഞ്ഞിനൊപ്പം തന്നെ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. വിഷയത്തില്‍ മന്ത്രി ശോഭാ കരന്തലജെയുടെ ഇടപെടല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: