കൊച്ചി: തൃപ്പൂണിത്തുറയില്‍ എം. സ്വരാജിനെ തോല്‍പ്പിച്ചത് പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിമോഹികളെന്ന സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളില്‍ അധികവും കെ. ബാബുവിനാണ് ലഭിച്ചത്. സ്വരാജ് വീണ്ടും തൃപ്പൂണിത്തുറയില്‍ നിന്നു വിജയിക്കുന്നതില്‍ പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. ഇവരില്‍ ചിലര്‍ തൃപ്പൂണിത്തുറയില്‍ മല്‍സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത് വോട്ട് ചോര്‍ച്ചയ്‌ക്ക് കാരണമായി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം. സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനോട് പരാജയപ്പെട്ടത്. അന്വേഷണ കമ്മീഷന്‍ 24 ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മത്സരം നടന്നിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃപ്പൂണിത്തുറ. ഇവിടത്തെ പരാജയം പാര്‍ട്ടിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. ബിജെപി വോട്ടുകള്‍ ബാബുവിന് കിട്ടിയെന്ന് പ്രചാരണമാണ് സ്വരാജിന്റെ തോല്‍വിക്ക് ശേഷം സിപിഎം നടത്തിയത്. ഈ കള്ള പ്രചാരണമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പൊളിയുന്നത്.തൃപ്പൂണിത്തുറയെ കൂടാതെ പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര മണ്ഡലങ്ങളിലെ തോല്‍വിയും അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ തോല്‍വിയില്‍ ജോസ് കെ. മാണി നേരിട്ട് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. മാണി കോണ്‍ഗ്രസിലെ ബാബു ജോസഫായിരുന്നു ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് ചെലവ് മുഴുവന്‍ ഘടകകക്ഷി സ്ഥാനാര്‍ത്ഥി വഹിച്ച മണ്ഡലമാണ് പെരുമ്പാവൂര്‍ എന്ന് പ്രത്യേകതയുമുണ്ട്. ഇവിടെ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചിരുന്ന സിപിഎമ്മിലെ പ്രമുഖരായ രണ്ട് പേര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെട്ടില്ലെന്ന് പരാതി കേരള കോണ്‍ഗ്രസ് മാണി വിഭാഗം സിപിഎം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.എം ദിനേശ് മണിയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇസ്മയിലിനെയുമാണ് ചുമതലപ്പെടുത്തിയത്. ഈ മാസം 19ന് കമ്മീഷന്‍ പെരുമ്പാവൂരില്‍ അന്വേഷണത്തിന് എത്തും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ നേരിട്ടെത്തി പാര്‍ട്ടി യോഗം വിളിച്ച് നേതാക്കള്‍ക്ക് താക്കീത് നല്‍കിയിരുന്നു. പെരുമ്പാവൂരില്‍ ഘടകകക്ഷിയുടെ സ്ഥാനാര്‍ത്ഥി തോറ്റാല്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിജയരാഘവന്‍ മുന്നറിയപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: