തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തെച്ചൊല്ലി എല്‍ഡിഎഫിലും യുഡിഎഫിലും കടുത്ത ഭിന്നത. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയാണ് യുഡിഎഫില്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് സതീശനെതിരെ രംഗത്ത് വന്നതോടെ സതീശന് പ്രസ്താവന തിരുത്തി.
ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് വി.ഡി. സതീശന് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പറഞ്ഞത് ഇങ്ങനെ: ‘യുഡിഎഫ് നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാരിന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി എല്ലാ അഭിപ്രായങ്ങളും മുന്നോട്ടു വയ്ക്കുകയാണ് ഉണ്ടായത്. നിലവിലെ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കാന്‍ പാടില്ല എന്ന പ്രധാനപ്പെട്ട നിര്‍ദേശമാണ് യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ വച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റു വിഭാഗങ്ങള്‍ക്കും സ്കോളര്‍ഷിപ്പ് വേണമെന്ന അഭിപ്രായം സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് വച്ചു. ഇതു രണ്ടും അംഗീകരിക്കപ്പെട്ടു. ഉത്തരവില്‍ പല ന്യൂനതകളുമുണ്ട്. ഈ ന്യൂനതകള്‍ പരിഹരിക്കപ്പെടണം. മുസ്ലിംലീഗ് ഉന്നയിച്ച ആവശ്യം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും’ എന്നായിരുന്നു.
അതേസമയം, മുസ്ലിം വിഭാഗത്തിന് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല എന്ന് വി.ഡി. സതീശന് പറഞ്ഞതാണ് മുസ്ലിംലീഗിനെ ചൊടിപ്പിച്ചത്. കാര്യങ്ങള്‍ അറിയാതെയാണ് സതീശന് പ്രതികരിക്കുന്നത് എന്നായിരുന്നു ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം. സര്‍ക്കാര്‍ ഉത്തരവിലൂടെ വലിയ നഷ്ടമാണ് മുസ്ലിം വിഭാഗത്തിന് ഉണ്ടായിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിം സമുദായത്തിന് നഷ്ടമില്ലെന്ന സതീശന്റെ നിലപാട് അംഗീകരിക്കില്ലെന്ന് കെ.പി.എ. മജീദും പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുഴിച്ചു മൂടിയുള്ളതാണ് പുതിയ തീരുമാനം. ലീഗ് നിലപാട് രേഖാമൂലം കൊടുത്തതാണെന്നും മജീദ് പറഞ്ഞു.
മുസ്ലിംലീഗ് കടുത്ത നിലപാട് വ്യക്തമാക്കിയതോടെ സതീശന് വെട്ടിലായി. വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി നിലപാട് വിശദീകരിച്ചു. മുസ്ലിം ലീഗ് പറഞ്ഞ അഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കണം എന്ന് തന്നെയാണ് താനും പറഞ്ഞതെന്ന് വി.ഡി. സതീശന് ന്യായീകരിച്ചു. മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന താനുമായി ആലോചിച്ച ശേഷമാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചതായി വി.ഡി. സതീശന് പറഞ്ഞു.
എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിന് വിഷയത്തില്‍ എതിര്‍പ്പുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് നേതാക്കള്‍ തയാറായിട്ടില്ല. ഐഎന്‍എല്‍ തങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചതായാണ് വിവരം. വിഷയത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും രംഗത്തെത്തി. ഇത് സിപിഎമ്മിനുള്ളിലെ അമര്‍ഷം ഒരു പരിധിവരെ തടയാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ താത്പര്യമാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കേരളം നിരാകരിക്കുമെന്നും എ. വിജയരാഘവന് പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും ഒരു പ്രശ്നമായി ഈ വിഷയം മാറുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: